ക്രിസ്റ്റ്യാനോ,ബെൻസിമ എന്നിവരെക്കാൾ മികച്ച കണക്കുകളുമായി ബെല്ലിങ്ഹാം.

ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് റയൽ മാഡ്രിഡിന് വേണ്ടി യുവ സൂപ്പർ താരമായ ജൂഡ് ബെല്ലിങ്ഹാം ഇപ്പോൾ പുറത്തെടുക്കുന്നത്.പല മത്സരങ്ങളിലും റയലിന് വിജയം നേടിക്കൊടുക്കാൻ ബെല്ലിങ്ഹാമിന് സാധിച്ചിരുന്നു. ആകെ 14 മത്സരങ്ങളിലാണ് ബെല്ലിങ്ഹാം പങ്കെടുത്തിട്ടുള്ളത്. അതിൽ നിന്ന് 13 ഗോളുകളും മൂന്ന് അസിസ്റ്റുകളും സ്വന്തമാക്കാൻ ഈ ഇംഗ്ലീഷ് സൂപ്പർ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

അതായത് ആകെ 16 ഗോളുകളിൽ താരം പങ്കാളിത്തം വഹിച്ചു കഴിഞ്ഞു.റയൽ മാഡ്രിഡ് ഈ സീസണിൽ ആകെ നേടിയത് 29 ഗോളുകളാണ്. അതിൽ 55.17 ശതമാനം ഗോളുകളിലും പങ്കാളിത്തം വഹിക്കാൻ ബെല്ലിങ്ഹാമിന് കഴിഞ്ഞിട്ടുണ്ട്.ഇത് അത്ഭുതപ്പെടുത്തുന്ന ഒരു തുടക്കം തന്നെയാണ്. എന്തെന്നാൽ റയൽ മാഡ്രിഡ് ഇതിഹാസങ്ങൾ ആയ ക്രിസ്റ്റ്യാനോ റൊണാൾഡോ,കരിം ബെൻസിമ എന്നിവരുടെ കരിയറിലെ ഏറ്റവും മികച്ച കണക്കുകൾ എടുത്താലും ഇതിനോളം വരില്ല എന്നത് വ്യക്തമാകുന്നുണ്ട്.

അതായത് റൊണാൾഡോയുടെ റയലിലെ ഏറ്റവും മികച്ച സീസൺ 2014 -15 സീസൺ ആണ്.ആ സീസണിൽ റയൽ മാഡ്രിഡ് ആകെ നേടിയത് 162 ഗോളുകളാണ്. 61 ഗോളുകളും 21 അസിസ്റ്റുകളും ആയി ആകെ 82 ഗോളുകളിൽ പങ്കാളിത്തം വഹിക്കാൻ റൊണാൾഡോക്ക് കഴിഞ്ഞു. അതായത് 50.62 ശതമാനം ഗോളുകളിൽ റൊണാൾഡോയുടെ പങ്കാളിത്തം ഉണ്ടായിരുന്നു. ബെൻസിമയുടെ കാര്യത്തിലേക്ക് വന്നാൽ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സീസൺ 2021-22 സീസൺ ആയിരുന്നു.ആ സീസണിൽ റയൽ മാഡ്രിഡ് ആകെ നേടിയ ഗോളുകളുടെ എണ്ണം 119 ആണ്.

44 ഗോളുകളും 21 അസിസ്റ്റുകളും ആയി 65 ഗോളുകളിൽ പങ്കാളിത്തം വഹിക്കാൻ ബെൻസിമക്ക് കഴിഞ്ഞു. അതായത് റയലിന്റെ 49.58 ശതമാനം ഗോളുകളിലാണ് ബെൻസിമ തന്റെ സാന്നിധ്യം രേഖപ്പെടുത്തിയിരിക്കുന്നത്. അതിനെക്കാളൊക്കെ മുകളിലാണ് ഇപ്പോൾ ബെല്ലിങ്ഹാമിന്റെ കണക്കുകൾ നിലകൊള്ളുന്നത്.പക്ഷേ സീസൺ അവസാനിക്കുന്നത് വരെ ഇതേ രീതിയിൽ തുടരുക എന്നത് തീർച്ചയായും പ്രധാനപ്പെട്ട ഒരു കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *