കോവിഡ് രോഗലക്ഷണങ്ങൾ, മുൻ ബാഴ്സകീപ്പറെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു
കോവിഡ് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് മുൻ ബാഴ്സ ഗോൾകീപ്പറും തുർക്കി ഇതിഹാസതാരവുമായ റുസ്റ്റു റെക്ബറിനെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. താരത്തിന്റെ ഭാര്യയാണ് ഈ വാർത്ത പുറത്തുവിട്ടത്. താരത്തിന്റെ പരിശോധനഫലം പുറത്തുവന്നിട്ടില്ലെങ്കിലും രോഗലക്ഷണങ്ങൾ കൊണ്ട് കോവിഡ് തന്നെയാവാനാണ് സാധ്യത എന്നാണ് ഡോക്ടർമാർ അറിയിച്ചത്. തുർക്കി ഹോസ്പിറ്റലിൽ വെച്ചാണ് താരത്തിന് ചികിത്സ നൽകുന്നത്. എല്ലാം സാധാരണ ഗതിയിൽ തുടരുന്നതിനിടെ പെട്ടന്ന് രോഗലക്ഷണങ്ങൾ വർധിക്കുകയും രോഗം മൂർച്ഛിക്കുകയും ചെയ്തുവെന്ന് അദ്ദേഹത്തിന്റെ ഭാര്യ അറിയിച്ചു. ഏറ്റവും ബുദ്ദിമുട്ടേറിയ സന്ദർഭത്തിലൂടെയാണ് തങ്ങൾ കടന്നുപോകുന്നതെന്നും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കണമെന്നും അദ്ദേഹത്തിന്റെ ഭാര്യ അറിയിച്ചു.
തുർക്കിക്ക് വേണ്ടി ഒട്ടേറെ കാലം വലകാത്ത ഗോൾ കീപ്പറാണ് റുസ്റ്റു റെക്‌ബർ. തുർക്കിക്ക് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ് ഇദ്ദേഹത്തിന്റെ പേരിലാണ്. 120 മത്സരങ്ങളിലാണ് ഇദ്ദേഹം വലകാത്തത്. ഫെനർബാഷയിൽ നിന്ന് ബാഴ്സയിലെത്തിയ താരം 2003-ൽ നാല് മത്സരങ്ങളിൽ ബാഴ്സയുടെ വലകാത്തിരുന്നു. പിന്നീട് ലോണടിസ്ഥാനത്തിൽ ഫെനർബാഷയിലേക്ക് തന്നെ താരം മടങ്ങുകയായിരുന്നു. ഏതായാലും താരത്തിന്റെ തിരിച്ചുവരവിന് വേണ്ടി പ്രാർത്ഥിക്കുകയാണ് ഫുട്ബോൾ ലോകം.