കൂമാൻ സംസാരിച്ചത് 40 സെക്കന്റ്‌, അയാൾ വ്യക്തിത്വമില്ലാത്തവൻ ; തുറന്നടിച്ച് സുവാരസ്

എഫ്സി ബാഴ്സലോണക്ക്‌ വേണ്ടി നിർണായകപ്രകടനങ്ങൾ നടത്തിയിരുന്ന ലൂയിസ് സുവാരസ് കഴിഞ്ഞ വർഷമായിരുന്നു ക്ലബ് വിട്ടത്. പരിശീലകനായി ചുമതലയേറ്റ ഉടനെ റൊണാൾഡ് കൂമാൻ സുവാരസിനോട് ക്ലബ് വിടാൻ ആവിശ്യപ്പെടുകയായിരുന്നു.തുടർന്ന് സുവാരസ് അത്ലറ്റിക്കോയിലേക്ക്‌ ചേക്കേറുകയായിരുന്നു. ഏതായാലും ഈ വിഷയത്തിൽ വീണ്ടും കൂമാനെതിരെ രൂക്ഷവിമർശനങ്ങൾ ഉയർത്തി കൊണ്ട് രംഗത്ത് വന്നിരിക്കുകയാണിപ്പോൾ സുവാരസ്. തന്നോട് കൂമാൻ സംസാരിച്ചത് 40 സെക്കന്റ്‌ മാത്രമാണെന്നും അയാൾ വ്യക്തിത്വമില്ലാത്തവനാണ് എന്നുമാണ് സുവാരസ് അറിയിച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” കേവലം നാല്പത് സെക്കന്റ്‌ മാത്രമുള്ള ഒരു ഫോൺ കോളിലാണ് കൂമാൻ എന്നോട് ക്ലബ് വിടാൻ ആവിശ്യപ്പെട്ടത്.ഒരു ലെജന്റിനോട് വിട പറയേണ്ട രീതി ഇങ്ങനെയല്ല. ആദ്യം അദ്ദേഹം എന്നോട് പറഞ്ഞത് അദ്ദേഹത്തിന്റെ പ്ലാനുകളിൽ ഇല്ല എന്നാണ്. പിന്നീട് പറഞ്ഞു കരാർ പ്രശ്നങ്ങൾ പരിഹരിച്ചാൽ വിയ്യാറയലിനെതിനെതിരെ കളിപ്പിക്കാമെന്ന്.ക്ലബ്ബിനാണോ അദ്ദേഹത്തിനാണോ എന്നെ വേണ്ടാത്തത് എന്ന് കൂമാൻ വ്യക്തമാക്കിയില്ല. ഒരു വ്യക്തിത്വമില്ലാത്തവനാണ് കൂമാൻ. വളരെ ബുദ്ധിമുട്ടേറിയ ദിവസങ്ങളായിരുന്നു അത്. ഞാൻ എന്റെ എല്ലാം നൽകിയ ക്ലബായിരുന്നു എനിക്ക് വിടേണ്ടി വന്നത്.കൂമാൻ വിളിച്ചതിന് ശേഷം ഞാൻ ഉടൻ തന്നെ മെസ്സിയോട് ഫോണിൽ സംസാരിച്ചു.എല്ലാം കൊണ്ടും ഒരു സങ്കീർണ്ണമായ വർഷമായിരുന്നു അത്. മെസ്സിയും ക്ലബ് വിടാൻ അനുമതി തേടിയിരുന്നു.ഞങ്ങളുടെ രണ്ട് കുടുംബത്തിനും ഒരു മോശം സമയമായിരുന്നു അത് ” സുവാരസ് പറഞ്ഞു.

കഴിഞ്ഞ ബാഴ്‌സക്കെതിരെയുള്ള മത്സരത്തിൽ സുവാരസ് ഗോൾ നേടിയിരുന്നു. അതിന് ശേഷം താരം നടത്തിയ ഫോൺ വിളിക്കുന്ന ആംഗ്യം വലിയ രൂപത്തിൽ ഫുട്ബോൾ ലോകത്ത് ചർച്ചയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *