കൂമാന് കീഴിൽ മെസ്സി നാസ്റ്റിക്കിനെതിരെ അരങ്ങേറും !

എഫ്സി ബാഴ്സലോണയുടെ നെടുംതൂണായ ലയണൽ മെസ്സി ഇന്നലെ ഗോളിന് നൽകിയ അഭിമുഖത്തിലാണ് ഈ വരുന്ന സീസൺ കൂടി താൻ ബാഴ്സക്കൊപ്പം കാണുമെന്ന് പ്രഖ്യാപിച്ചത്. ക്ലബ് തന്നെ വിടാൻ അനുവദിച്ചില്ലെന്നും ക്ലബ്ബിനെ കോടതി കയറ്റാൻ ഉദ്ദേശമില്ലെന്നും അതിനാൽ തന്നെ ബാഴ്സയിൽ തുടരുകയുമാണ് എന്നാണ് മെസ്സി അറിയിച്ചത്. ഇതോടെ പുതിയ പരിശീലകൻ കൂമാന് കീഴിൽ മെസ്സി ഉണ്ടാവുമെന്ന് ഉറപ്പായി. ഇനി മെസ്സിയുടെ മുമ്പിൽ ഉള്ളത് ക്ലബ്ബിൽ വന്ന് പിസിആർ പരിശോധന പൂർത്തിയാക്കുക എന്നതാണ്. അത്‌ പൂർത്തിയാക്കി റിസൾട്ട്‌ വന്നാൽ മെസ്സിക്ക് ബാഴ്സയോടൊപ്പം പരിശീലനത്തിന് ചേരാം. കഴിഞ്ഞ ഞായറാഴ്ച്ച മെഡിക്കൽ ടെസ്റ്റും തിങ്കളാഴ്ച്ച മുതൽ കൂമാന്റെ കീഴിലുള്ള പരിശീലനവും ബാഴ്സ ആരംഭിച്ചിരുന്നു. എന്നാൽ മെസ്സി ഇതൊക്കെ ബഹിഷ്കരിച്ചിരുന്നു. മെസ്സി ബാഴ്സയിൽ തന്നെ തുടരാൻ തീരുമാനിച്ച ഈ സാഹചര്യത്തിൽ മെസ്സിക്കെതിരെ ശിക്ഷാനടപടികൾ ഒന്നും കൈക്കൊള്ളേണ്ട എന്ന് ബാഴ്സ തീരുമാനിച്ചിട്ടുണ്ട്. അതിനാൽ തന്നെ മെസ്സി ട്രൈനിങ്ങിലേക്ക് തിരിച്ചെത്തുന്നതും കാത്തിരിക്കുകയാണ് ആരാധകർ.

അതേ സമയം കൂമാന് കീഴിലുള്ള മെസ്സിയുടെയും ബാഴ്സയുടെയും ഔദ്യോഗിക അരങ്ങേറ്റം ഈ മാസം ഇരുപത്തിയാറാം തിയ്യതി വിയ്യാറയലിനെതിരെ നടക്കുന്ന മത്സരത്തിലൂടെയാണ്. എന്നാൽ അതിനും മുമ്പ് കൂമാന് കീഴിൽ ബാഴ്സ ഒരു മത്സരം കളിക്കുന്നുണ്ട്. വരുന്ന പന്ത്രണ്ടാം തിയ്യതി ശനിയാഴ്ച്ച ഒരു സൗഹൃദമത്സരം ബാഴ്സ കളിക്കുന്നുണ്ട് എന്നാണ് മുണ്ടോ ഡിപ്പോർട്ടിവോ റിപ്പോർട്ട്‌ ചെയ്യുന്നത്. ആ മത്സരം നാസ്റ്റിക്ക് ഡി ടറഗോന എന്ന ക്ലബിനെതിരെയാണ് എന്നാണ് ബാഴ്സ ടിവി പുറത്തു വിട്ട വിവരങ്ങൾ. ഈ മത്സരത്തിൽ സുപ്പർ താരം മെസ്സി കളിക്കുമെന്നാണ് ആരാധകർ കണക്കുക്കൂട്ടുന്നത്. ഏതായാലും രംഗം തണുത്ത സാഹചര്യത്തിൽ മെസ്സിയുടെ തിരിച്ചു വരവിനെയാണ് ആരാധകർ കാത്തിരിക്കുന്നത്. വിയ്യാറയലിനെതിരെ ക്യാമ്പ് നൗവിൽ വെച്ചാണ് ലാലിഗ മത്സരം അരങ്ങേറുന്നത്.

Leave a Reply

Your email address will not be published. Required fields are marked *