കൂമാന് കീഴിൽ പരിശീലനം നടത്താൻ മെസ്സി തയ്യാർ, ക്യാപ്റ്റൻ സ്ഥാനം ഉപേക്ഷിക്കുമോ?

എഫ്സി ബാഴ്സലോണയിൽ തന്നെ തുടരുമെന്ന് പ്രഖ്യാപിച്ച സൂപ്പർ താരം ലയണൽ മെസ്സി ക്ലബ്ബിന്റെ പിസിആർ ടെസ്റ്റ്‌ പൂർത്തിയാക്കി. ഇന്ന്, അതായത് ഞായറാഴ്ച്ച ബാഴ്സയിൽ എത്തിക്കൊണ്ടാണ് മെസ്സി പിസിആർ ടെസ്റ്റിന് വിധേയനായത്. കോവിഡ് ടെസ്റ്റ്‌ ഉൾപ്പടെയുള്ള ടെസ്റ്റുകൾ ആണ് മെസ്സി പൂർത്തിയാക്കിയത്. താരം നാളെ കൂമാന് കീഴിൽ ആദ്യമായി പരിശീലനത്തിനിറങ്ങും. കഴിഞ്ഞ തിങ്കളാഴ്ച്ചയായിരുന്നു ബാഴ്സ പരിശീലനം ആരംഭിച്ചതെങ്കിലും ട്രാൻസ്ഫർ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് മെസ്സി പരിശീലനം ബഹിഷ്കരിച്ചിരുന്നു. എന്നാൽ പിന്നീട് മെസ്സി ബാഴ്സയിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. പരിശീലനം മുടക്കിയതിന് മെസ്സിക്കെതിരെ നടപടികൾ കൈക്കൊള്ളാൻ ബാഴ്സക്ക് അധികാരം ഉണ്ടെങ്കിലും അതുണ്ടാവില്ല എന്നാണ് അറിയാൻ കഴിയുന്നത്. മെസ്സിയുമായി ഇനി പ്രശ്നങ്ങൾ വേണ്ട എന്നതിനാലാണ് ബാഴ്സ ഈ തീരുമാനം കൈകൊണ്ടത്.

അതേ സമയം താൻ ബാഴ്സ വിടാൻ ശ്രമിച്ചിരുന്നുവെങ്കിലും താൻ ക്ലബ്ബിൽ കളിക്കുന്ന കാലത്തോളം തന്റെ ആത്മാർത്ഥക്ക് ഒരു കുറവും ഉണ്ടാവില്ല എന്ന് മെസ്സി പ്രഖ്യാപിച്ചിരുന്നു. ജയങ്ങളും കിരീടങ്ങളും മാത്രമാണ് തന്റെ ലക്ഷ്യമെന്നും എന്റെ കഴിവിന്റെ പരമാവധിയുള്ള പ്രകടനം താൻ പുറത്തെടുക്കുമെന്നും മെസ്സി ഉറപ്പ് നൽകിയിരുന്നു. നാളെ പരിശീലകൻ മെസ്സിയുമായി സംസാരിക്കുമെന്നാണ് സ്പോർട്ട് റിപ്പോർട്ട്‌ ചെയ്യുന്നത്. ഇരുവരുടെയും പദ്ധതികളെ കുറിച്ച് ചർച്ച ചെയ്‌തേക്കും. അതേ സമയം വരുന്ന സീസണിലും മെസ്സി തന്നെ ക്യാപ്റ്റൻ സ്ഥാനത്ത് തുടരുമോ എന്നുറപ്പില്ല. മെസ്സിയെ ക്യാപ്റ്റൻ ആക്കാനാണ് ബാഴ്സയുടെ തീരുമാനം എങ്കിലും മെസ്സി ഇത് നിരസിച്ചേക്കും എന്ന വാർത്തകൾ ഉണ്ട്. അതിനാൽ തന്നെ മെസ്സിക്ക് ശേഷം ക്യാപ്റ്റന്റെ ആം ബാൻഡ് അണിയുന്ന ജെറാർഡ് പിക്വേ, സെർജിയോ ബുസ്കെറ്റ്സ്, സെർജി റോബർട്ടോ എന്നിവർ ബാഴ്സ ടീമിൽ ഉണ്ട്. ഇവരിൽ ആർക്കെങ്കിലും ആയിരിക്കും മെസ്സി നിരസിച്ചാൽ നറുക്ക് വീഴുക. കൂടാതെ ഗോൾ കീപ്പർ ടെർ സ്റ്റീഗനെയും ഈ സ്ഥാനത്തേക്ക് പരിഗണിക്കാൻ സാധ്യതയുണ്ട്. തുടക്കത്തിൽ ബാഴ്സ ക്യാപ്റ്റൻ പദവിയിൽ അഭിമാനിച്ചിരുന്ന മെസ്സിയുടെ മനസ്സ് ഇപ്പോൾ മാറിയിട്ടുണ്ട് എന്നാണ് സ്പോർട്ട് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *