കൂമാന്റെ സ്ഥാനം ഉടൻ തെറിക്കുമോ? പകരക്കാരായി ബാഴ്‌സ പരിഗണിക്കുന്നത് ഈ രണ്ട് പേരെ!

ബാഴ്‌സയെ സംബന്ധിച്ചിടത്തോളം ഒരു മോശം തുടക്കമാണ് ഈ സീസണിൽ ലഭിച്ചിരിക്കുന്നത്.ലാലിഗയിൽ നാല് മത്സരങ്ങളിൽ നിന്ന് 8 പോയിന്റുള്ള ബാഴ്‌സ നിലവിൽ എട്ടാം സ്ഥാനത്താണ്.ബാഴ്‌സ അവസാനമായി കളിച്ച നാല് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് വിജയിച്ചിട്ടുള്ളത്.

അത്കൊണ്ട് തന്നെ പരിശീലകൻ റൊണാൾഡ് കൂമാനെ തൽസ്ഥാനത്ത് നിന്നും ബാഴ്‌സ നീക്കം ചെയ്യുമെന്നുള്ള അഭ്യൂഹങ്ങൾ വളരെ സജീവമാണ്. പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോമും ഇക്കാര്യം റിപ്പോർട്ട്‌ ചെയ്യുന്നത്. വരുന്ന ഇന്റർനാഷണൽ ബ്രേക്കിൽ കൂമാന്റെ സ്ഥാനം തെറിക്കാൻ സാധ്യതയുണ്ട് എന്നാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്. വലിയൊരു തുക നൽകേണ്ടി വരുമെങ്കിലും ഈയൊരു തീരുമാനം എടുക്കാൻ ബാഴ്‌സ മുതിരുമെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്.

അതേസമയം പകരം ആരെ നിയമിക്കും എന്നുള്ളതാണ് ബാഴ്‌സക്ക്‌ തലവേദന സൃഷ്ടിക്കുന്ന കാര്യം. രണ്ട് പേരെയാണ് ബാഴ്‌സ കണ്ടു വെച്ചിരിക്കുന്നതെങ്കിലും അവർ എത്തുമോ എന്നുള്ള കാര്യം സംശയത്തിലാണ്. ബാഴ്‌സ ഇതിഹാസമായ സാവിയെ കൊണ്ട് വരാൻ ലാപോർട്ടക്ക്‌ താല്പര്യമുണ്ട്. എന്നാൽ ഖത്തർ ക്ലബുമായി സാവി ഈയിടെ കരാർ പുതുക്കിയിരുന്നു. ബാഴ്‌സയുടെ പരിശീലകനാവാനുള്ള അനുയോജ്യമായ സമയം വന്നെത്തിയിട്ടില്ലെന്നും മുമ്പ് സാവി അറിയിച്ചിരുന്നു.

മറ്റൊരു പരിശീലകൻ എന്നുള്ളത് ബെൽജിയത്തിന്റെ റോബെർട്ടോ മാർട്ടിനെസാണ്.ബെൽജിയത്തെ മികച്ച രൂപത്തിൽ മുന്നോട്ട് കൊണ്ട് പോവുന്ന മാർട്ടിനെസും നിലവിൽ വരാനുള്ള സാധ്യത കുറവാണ്. എന്തെന്നാൽ നേഷൻസ്‌ ലീഗിലും 2022-ലെ വേൾഡ് കപ്പിലും ബെൽജിയത്തെ മുന്നോട്ട് കൊണ്ട് പോവുക എന്നുള്ളതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.ഏതായാലും നിലവിൽ ഈ രണ്ട് പേരെയുമാണ് ലാപോർട്ട പരിഗണിക്കുന്നത് എന്നാണ് ഗോൾ കണ്ടെത്തിയിരിക്കുന്നത്.

ഏതായാലും ബാഴ്‌സയെ സംബന്ധിച്ചിടത്തോളം ഒരു തിരിച്ചു വരവ് ആവിശ്യമാണ്. സൂപ്പർ താരങ്ങളുടെ കൊഴിഞ്ഞു പോക്കും സാമ്പത്തിക പ്രതിസന്ധിയുമാണ് ബാഴ്‌സയെ ഈ നിലയിൽ എത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *