കൂമാന്റെ രൂക്ഷവിമർശനം,തന്നെ തെറ്റിദ്ധരിച്ചുവെന്ന് ബാഴ്സ പ്രസിഡന്റ്‌ !

കഴിഞ്ഞ ദിവസം ആർഎസി വൺ എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ബാഴ്സയുടെ താൽകാലിക പ്രസിഡന്റ്‌ ടസ്ക്കെറ്റ്സ് മെസ്സിയെ സംബന്ധിച്ച ഒരു വിവാദപരാമർശം നടത്തിയത്. കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിൽ ബാഴ്സ മെസ്സിയെ വിൽക്കണമായിരുന്നുവെന്നും താനായിരുന്നുവെങ്കിൽ വിറ്റേനെ എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. സാമ്പത്തികപരമായ കാര്യങ്ങൾ പരിഗണിച്ചാണ് താൻ ഇത് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. അതിനെതിരെ കൂമാൻ രൂക്ഷവിമർശനം നടത്തിയിരുന്നു. അദ്ദേഹത്തിന്റെ പ്രസ്താവന തനിക്കിഷ്ടപ്പെട്ടില്ലെന്നും ക്ലബ്ബിനകത്ത് തന്നെയുള്ളവർ ഇത്തരം പ്രസ്താവനകൾ നടത്തിയാൽ അത്‌ ക്ലബ്ബിലെ സമാധാനാന്തരീക്ഷം തകർക്കുമെന്നുമായിരുന്നു ഇന്നലത്തെ പത്രസമ്മേളനത്തിൽ കൂമാൻ പറഞ്ഞത്. എന്നാൽ ഇതിന് മറുപടിയുമായി വന്നിരിക്കുകയാണ് ടസ്ക്കെറ്റ്സ്. താൻ മെസ്സിയെ വിൽക്കുമായിരുന്നു എന്ന് പറഞ്ഞിട്ടില്ലെന്നും മെസ്സിയുടെ സാലറിയും ചിലവുകളും പരിഗണിക്കുമ്പോൾ അദ്ദേഹം ക്ലബ് വിട്ടിരുന്നുവെങ്കിൽ ബാഴ്സക്ക്‌ നല്ലതായിരുന്നേനെ എന്നുമാണ് താൻ പറഞ്ഞത് എന്നാണ് ടസ്ക്കെറ്റ്സ് അറിയിച്ചത്. കൂമാൻ തന്റെ വാക്കുകളെ തെറ്റിദ്ധരിക്കുകയായിരുന്നുവെന്നും ഇദ്ദേഹം അറിയിച്ചു.

” ഞാനായിരുന്നുവെങ്കിൽ മെസ്സിയെ വിൽക്കുമായിരുന്നുവെന്ന് ഞാൻ പറഞ്ഞിട്ടില്ല. ഞാൻ പറഞ്ഞത് എന്താണെന്ന് വെച്ചാൽ, മെസ്സി ക്ലബ്‌ വിടുകയാണെങ്കിൽ സാമ്പത്തികപരമായി അത്‌ ബാഴ്സക്ക്‌ ഗുണം ചെയ്തേനെ എന്നാണ്. ഏറ്റവും നല്ല കാര്യമാണ് നാം ചെയ്യേണ്ടത്. അദ്ദേഹത്തെ പോകാൻ അനുവദിക്കുകയായിരുന്നു ആ നല്ല കാര്യം. എന്തെന്നാൽ അദ്ദേഹത്തിന്റെ സാലറി ലോകത്തിലെ തന്നെ ഏറ്റവും കൂടിയ സാലറികളിൽ ഒന്നാണ്. പക്ഷെ ഞാൻ ആരുമല്ല, തീരുമാനം അദ്ദേഹത്തിന്റേതാണ്. മാനേജിങ് ബോർഡിന് ഇതിൽ തീരുമാനമെടുക്കാൻ യാതൊരു വിധ അധികാരവുമില്ല. ആവിശ്യമാണെങ്കിൽ, എന്റെ വാക്കുകൾ കൂമാൻ തെറ്റിദ്ധരിക്കുകയായിരുന്നുവെന്ന് അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കാൻ ഞാൻ സജ്ജനാണ്. ഞാൻ കണക്കുകൾ പ്രകാരം മാത്രമാണ് അത്തരമൊരു പ്രസ്താവന പുറപ്പെടുവിച്ചിട്ടുള്ളത്. മനസ്സിലാക്കേണ്ട മറ്റൊരു കാര്യം, ബാഴ്സ ഒരു വ്യക്തിയെ മാത്രം ആശ്രയിച്ചല്ല മുന്നോട്ട് പോവുന്നത് എന്നാണ് ” ടസ്ക്കെറ്റ്സ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *