കൂട്ടുകെട്ട് മോശം,യമാലിന്റെ കാര്യത്തിൽ ബാഴ്സക്ക് പേടി!

കേവലം 16 വയസ്സ് മാത്രമുള്ള ലാമിനെ യമാൽ എന്ന യുവ പ്രതിഭ ഫുട്ബോൾ ലോകത്തെ അമ്പരപ്പിച്ചിരുന്നു. ഈ സീസണിന്റെ തുടക്കത്തിൽ ബാഴ്സലോണ പരിശീലകനായ സാവി ഈ താരത്തെ സ്ഥിരമായി ഉപയോഗപ്പെടുത്തിയിരുന്നു. ആദ്യത്തെ മൂന്ന് മത്സരങ്ങളിൽ നിന്ന് തന്നെ രണ്ട് അസിസ്റ്റുകൾ സ്വന്തമാക്കാൻ ഈ വണ്ടർ കിഡിന് കഴിഞ്ഞു. പിന്നീട് സ്പെയിനിന്റെ ദേശീയ ടീമിന് വേണ്ടിയും മികച്ച പ്രകടനം നടത്തി. 3 മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകൾ ഈ യുവതാരം സ്വന്തമാക്കിയിരുന്നു.

പക്ഷേ കഴിഞ്ഞ കുറച്ച് മാസങ്ങളിൽ കാര്യങ്ങൾ അങ്ങനെയല്ല പോകുന്നത്.അതായത് കഴിഞ്ഞ രണ്ട് മാസത്തിനിടെ കേവലം മൂന്ന് മത്സരങ്ങളിൽ മാത്രമാണ് അദ്ദേഹം ബാഴ്സലോണക്ക് വേണ്ടി സ്റ്റാർട്ട് ചെയ്തിട്ടുള്ളത്. അതിൽ തന്നെ വലിയ ഇമ്പാക്ട് സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. മാത്രമല്ല താരവുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് സ്പാനിഷ് മാധ്യമമായ ബാർ കനാലേറ്റസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതായത് താരത്തിന്റെ കാര്യത്തിൽ എഫ്സി ബാഴ്സലോണക്ക് ആശങ്കകൾ ഉണ്ട്.

താരത്തിന്റെ സോഷ്യൽ സർക്കിൾ അത്ര നല്ലതല്ല എന്നാണ് ബാഴ്സയുടെ കണ്ടത്. ക്ലബ്ബിനകത്തും പുറത്തുമുള്ള താരത്തിന്റെ കൂട്ടുകെട്ട് ഒരല്പം മോശമാണ്. അതായത് അദ്ദേഹത്തിന്റെ കരിയറിന് വളർച്ച ഉണ്ടാകുന്ന രൂപത്തിലുള്ള ഒരു കൂട്ടുകെട്ടല്ല അദ്ദേഹം പടുത്തുയർത്തിയിട്ടുള്ളത്. മറിച്ച് ഈ യുവ പ്രതിഭ വഴി തെറ്റി പോകാനുള്ള ചില സാധ്യതകൾ ഉണ്ട് എന്നാണ് ബാഴ്സലോണയുടെ ആശങ്ക. ഒരുപാട് പ്രതിഭയുള്ള ഈ താരത്തിന് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്.

എന്നാൽ ഈ മോശം കൂട്ടുകെട്ടുകൾ കാരണം അദ്ദേഹത്തിന്റെ കരിയറിൽ വളർച്ച ഉണ്ടാവില്ലേ എന്ന ആശങ്കയാണ് നിലവിൽ എഫ് സി ബാഴ്സലോണക്ക് ഉള്ളത്.ഇത് പരിഹരിക്കാനുള്ള ശ്രമങ്ങൾ അവർ നടത്തിയേക്കും. നേരത്തെ ബ്രസീലിയൻ ഇതിഹാസമായ റൊണാൾഡീഞ്ഞോയെ ബാഴ്സലോണ ഒഴിവാക്കിയിരുന്നത് ഇത്തരത്തിലുള്ള ഒരു കാരണം കൊണ്ടായിരുന്നു. അദ്ദേഹത്തിന്റെ അതിരുവിട്ട ജീവിതശൈലി ക്ലബ്ബിനും സഹതാരങ്ങൾക്കും തിരിച്ചടിയാകുമെന്ന് കണ്ട ബാഴ്സ റൊണാൾഡീഞ്ഞോയെ ഒഴിവാക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *