കുടുംബം ഒന്നടങ്കം കരഞ്ഞു, ദുഃഖഭാരം പേറി കൊണ്ട് മെസ്സി പറയുന്നതിങ്ങനെ !

സൂപ്പർ താരം ലയണൽ മെസ്സി ഒരു സീസൺ കൂടി ബാഴ്സയിൽ തന്നെ തുടരാൻ തീരുമാനിച്ച വിവരം ഇന്നലെയാണ് അദ്ദേഹം ഫുട്ബോൾ ലോകത്തെ അറിയിച്ചത്. ക്ലബ്ബിന്റെ ദുരവസ്ഥയിൽ വളരെയധികം നിരാശയോടെ സംസാരിച്ച മെസ്സി പ്രസിഡന്റ്‌ ബർതോമ്യുവിനെതിരെയും ബാഴ്സ മാനേജ്മെന്റിനെതിരെയും രൂക്ഷമായ രീതിയിൽ വിമർശിച്ചിരുന്നു. കൂടാതെ ഈ തീരുമാനം വളരെയധികം ബുദ്ദിമുട്ടോടെയാണ് കൈകൊണ്ടതെന്നും ഈ തീരുമാനം ഞാൻ തന്റെ കുടുംബത്തെ അറിയിച്ചപ്പോൾ അവർ ഒന്നടങ്കം കരഞ്ഞുവെന്നും മെസ്സി വെളിപ്പെടുത്തി. മകൻ തിയാഗോ തന്നോട് ബാഴ്സ വിടേണ്ടന്ന് ആവർത്തിച്ചു പറഞ്ഞുവെന്നും എന്നാൽ ഞാൻ അത്‌ ബുദ്ധിമുട്ടാണെന്ന് ആവർത്തിച്ചു പറയുകയും ചെയ്‌തെന്ന് മെസ്സി വെളിപ്പെടുത്തി.

” ക്ലബ് വിടാനുള്ള എന്റെ ആഗ്രഹം ഞാൻ എന്റെ കുടുംബത്തോട് പങ്കുവെച്ചപ്പോൾ അതൊരു ക്രൂരമായ നാടകീയരംഗങ്ങൾക്കാണ് സാക്ഷിയായത് എന്റെ കുടുംബം ഒന്നടങ്കം കരയാൻ തുടങ്ങി. എന്റെ കുട്ടികൾക്ക് ബാഴ്സ വിടാൻ ആഗ്രഹമില്ലായിരുന്നു. അവർക്കവരുടെ സ്കൂളുകൾ മാറ്റാൻ ആഗ്രഹമില്ലായിരുന്നു. പക്ഷെ ഞാൻ മുന്നോട്ട് പോവാൻ തന്നെയാണ് തീരുമാനിച്ചത്. കിരീടങ്ങൾ നേടാനും ചാമ്പ്യൻസ് ലീഗിന് വേണ്ടി മത്സരിക്കാനും ഞാൻ തീരുമാനം എടുത്തു കഴിഞ്ഞിരുന്നു. കാരണം ക്ലബ്ബിന്റെ ഭാഗത്തു നിന്നും ഒരു പുരോഗതിയും കാണാത്തതിനാൽ ആണ് ഞാൻ ഈ തീരുമാനങ്ങൾ എടുത്തത്. ചെറിയവനായ മാറ്റിയോക്ക് തന്റെ ജീവിതം മാറാൻ പോവുകയാണ് എന്നോ കുറച്ചു വർഷം മറ്റു എവിടേക്കെങ്കിലും മാറാൻ പോവുകയാണോ എന്ന് മനസ്സിലായിട്ടുണ്ടായിരുന്നില്ല.” മെസ്സി തുടരുന്നു.

” പക്ഷെ വലിയവനായ തിയാഗോ ടിവിയിൽ ഈ കാര്യങ്ങളെ കുറിച്ച് കണ്ടിരുന്നു. അവൻ എന്നോട് ചോദിക്കുകയും ചെയ്തു. ഞങ്ങൾ ഇവിടുന്ന് പോവുകയാണ് എന്ന് അവനെ അറിയിക്കണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നില്ല. പുതിയ സ്‌കൂളും പുതിയ കൂട്ടുകാരുമായി അവൻ ജീവിക്കാൻ പോവുകയാണ് എന്ന് അവൻ അറിയാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. പക്ഷെ അതറിഞ്ഞപ്പോൾ അവൻ എന്നോട് കരഞ്ഞു കൊണ്ട് പോവണ്ട എന്ന് അപേക്ഷിച്ചു. അത്‌ ബുദ്ധിമുട്ടാണെന്ന് ഞാൻ അവനോട് ആവർത്തിച്ചു പറഞ്ഞു. ഒരു തീരുമാനം എടുക്കുക എന്നുള്ളത് ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്റെ ഭാര്യയും വളരെയധികം വേദനകളോട് കൂടി എന്നെ പിന്തുണച്ചു. എനിക്കറിയാം ബാഴ്സലോണയെക്കാൾ നല്ലൊരു സ്ഥലം ഞാൻ കണ്ടെത്താൻ പോവുന്നില്ല എന്ന്. എന്റെ മക്കളും എന്റെ കുടുംബവും ഇവിടെയാണ് വളർന്നത്. പക്ഷെ പുതിയ ലക്ഷ്യങ്ങളും പുതിയ വെല്ലുവിളികളും ഏറ്റെടുക്കാൻ ഞാൻ തീരുമാനിക്കുകയായിരുന്നു ” മെസ്സി പൂർത്തിയാക്കി.

Leave a Reply

Your email address will not be published. Required fields are marked *