കിരീടങ്ങൾ വാരിക്കൂട്ടിയ പരിശീലകനെ ക്ലബ്ബിലെത്തിക്കുന്നത് പരിഗണിച്ച് ബാഴ്സ!

ഈ സീസണോട് കൂടി ബാഴ്സ പരിശീലകൻ റൊണാൾഡ് കൂമാന്റെ പരിശീലകസ്ഥാനം തെറിക്കാനുള്ള സാധ്യതകൾ വർധിച്ചു വരികയാണ്. അവസാനമത്സരങ്ങളിൽ ബാഴ്‌സ നടത്തിയ മോശം പ്രകടനമാണ് കൂമാന് വിനയാവുന്നത്. കൂമാനെ ലാപോർട്ട പുറത്താക്കുമെന്ന് തന്നെയാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നത്. ഏതായാലും ഈ സ്ഥാനത്തേക്ക് മറ്റൊരു പരിശീലകനെ കൂടി പരിഗണിച്ചിരിക്കുകയാണിപ്പോൾ എഫ്സി ബാഴ്സലോണ. ബയേൺ മ്യൂണിക്ക് പരിശീലകനായ ഹാൻസി ഫ്ലിക്കിന്റെ പേരാണ് ബാഴ്സ ചർച്ച ചെയ്തിരിക്കുന്നത്. കഴിഞ്ഞ സീസണിൽ ബയേണിനൊപ്പം കിരീടങ്ങൾ വാരികൂട്ടിയ പരിശീലകനാണ് ഫ്ലിക്ക്. ആറ് കിരീടങ്ങൾ നേടിക്കൊണ്ട് ചരിത്രം കുറിച്ച ഫ്ലിക്ക് ഈ സീസണിലെ ബുണ്ടസ്ലിഗ ബയേണിന് നേടികൊടുക്കാൻ ഫ്ലിക്കിന് കഴിഞ്ഞിരുന്നു. എന്നാൽ ഈ സീസണിന് ശേഷം പരിശീലകസ്ഥാനമൊഴിയുമെന്ന് ഫ്ലിക്ക് പ്രഖ്യാപിച്ചിരുന്നു.

പക്ഷേ ഇവിടെ ബാഴ്സക്ക് മുന്നിലുള്ള പ്രധാനവെല്ലുവിളി ഫ്ലിക്കിന്റെ തീരുമാനം തന്നെയാണ്. എന്തെന്നാൽ ഈ യൂറോ കപ്പിന് ശേഷം ജർമ്മനിയുടെ പരിശീലകസ്ഥാനം ഒഴിയുന്ന ജോക്കിം ലോക്ക് പകരം ഫ്ലിക്ക് ഈ സ്ഥാനം ഏറ്റെടുക്കുമെന്ന റൂമറുകൾ അതിശക്തമാണ്. എന്നാൽ ഫ്ലിക്ക് ജർമ്മനിയുമായി കരാറിൽ ഏർപ്പെട്ടിട്ടില്ല എന്ന് ബാഴ്സ കണ്ടെത്തിയിട്ടുണ്ട്. എന്നിരുന്നാലും ഫ്ലിക്ക് തങ്ങളുടെ ക്ഷണം സ്വീകരിക്കുമോ എന്ന കാര്യത്തിൽ ബാഴ്‌സക്ക് സംശയമുണ്ട്.അതേസമയം അയാക്സിന്റെ പരിശീലകനായ എറിക് ടെൻ ഹാഗിന്റെ പേര് ഉയർന്നുവെങ്കിലും അദ്ദേഹം ഈയിടെയായി കരാർ പുതുക്കിയതാണ്. മറ്റൊരു പേര് ലിവർപൂൾ പരിശീലകൻ യുർഗൻ ക്ലോപിന്റെത് ആണ്. പക്ഷേ സാമ്പത്തികപരമായ പ്രശ്നങ്ങളാണ് ഇക്കാര്യത്തിൽ ബാഴ്സക്ക് തടസ്സമായി നിൽക്കുന്ന കാര്യം.

Leave a Reply

Your email address will not be published. Required fields are marked *