കിരീടങ്ങൾ നേടിയില്ലെങ്കിൽ കൂമാൻ പുറത്താകും, പകരമെത്താൻ സാധ്യത ഈ പരിശീലകൻ!

ബാഴ്സയെ സംബന്ധിച്ചിടത്തോളം ഒരു ബുദ്ധിമുട്ടേറിയ സീസണായിരുന്നു കഴിഞ്ഞ സീസൺ. ഒരൊറ്റ കിരീടം പോലും ബാഴ്സക്ക് നേടാൻ സാധിച്ചിരുന്നില്ല. ഈ സീസണിലും രണ്ട് കിരീടങ്ങൾ നേടാനുള്ള അവസരം ബാഴ്സ നഷ്ടപ്പെടുത്തി കളഞ്ഞു. സൂപ്പർ കപ്പിലും ചാമ്പ്യൻസ് ലീഗിലുമാണ് ബാഴ്സയുടെ സാധ്യതകൾ അവസാനിച്ചത്. ഇനി കോപ്പ ഡെൽ റേയും ലാലിഗയുമാണ് ബാഴ്സയുടെ പ്രതീക്ഷകൾ. അതേസമയം ഈ കിരീടങ്ങൾ ബാഴ്സക്ക് നേടാൻ സാധിച്ചിട്ടില്ല എങ്കിൽ കൂമാന്റെ സ്ഥാനം തെറിക്കാൻ സാധ്യതയുണ്ട് എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സ്പാനിഷ് മാധ്യമമായ സ്പോർട്ട് ആണ് Cadena Ser -നെ ഉദ്ധരിച്ചു കൊണ്ട് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. ബാഴ്സയുടെ പുതിയ പ്രസിഡന്റ്‌ ആയ ലാപോർട്ടയാണ് കിരീടങ്ങൾ നേടിയില്ലായെങ്കിൽ പരിശീലകനെ നീക്കാനുള്ള തീരുമാനം കൈകൊണ്ടിരിക്കുന്നത്.

പകരമായി ലാപോർട്ട കണ്ടുവെച്ചിരിക്കുന്ന ഫസ്റ്റ് ഓപ്ഷൻ ആർബി ലീപ്സിഗിന്റെ പരിശീലകനായ ജൂലിയൻ നേഗൽസ്മാനെയാണ്.മുൻ ഹോഫൻഹെയിം പരിശീലകനായ നേഗൽസ്മാന്റെ കീഴിൽ ആർബി ലീപ്സിഗ് മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ചിരുന്നു. കഴിഞ്ഞ ചാമ്പ്യൻസ് ലീഗിൽ സെമി ഫൈനൽ വരെ കുതിച്ച അവർ ഈ ചാമ്പ്യൻസ് ലീഗിൽ പ്രീ ക്വാർട്ടറിൽ തന്നെ പുറത്താവുകയായിരുന്നു.എന്നിരുന്നാലും മുപ്പത്തിമൂന്നുകാരനായ ഈ പരിശീലകന്റെ കീഴിൽ അത്ഭുതകരമായ മാറ്റങ്ങളായിരുന്നു ലീപ്സിഗിൽ ഉണ്ടായത്. ഇതിനാൽ തന്നെ ഇദ്ദേഹത്തിന് ബാഴ്സയിലും പുരോഗതി ഉണ്ടാക്കാനാവുമെന്നാണ് ലാപോർട്ട വിശ്വസിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *