കാർലോ മാസ്റ്റർക്ലാസ്, പ്രതിസന്ധികൾക്കിടയിലും അത്ഭുതപ്പെടുത്തി റയലിന്റെ പ്രതിരോധനിര!

ലാലിഗയിൽ നിലവിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത് വമ്പൻമാരായ റയൽ മാഡ്രിഡാണ്. 26 മത്സരങ്ങളിൽ നിന്ന് 20 വിജയവുമായി 65 പോയിന്റാണ് റയലിനുള്ളത്. 54 ഗോളുകളാണ് ഈ മത്സരങ്ങളിൽ നിന്ന് അവർ നേടിയിട്ടുള്ളത്.വഴങ്ങിയിട്ടുള്ളത് കേവലം 16 ഗോളുകൾ മാത്രം.38 ഗോളുകളുടെ മുൻതൂക്കം അവർക്ക് ഇക്കാര്യത്തിൽ ഇപ്പോൾ അവകാശപ്പെടാൻ സാധിക്കുന്നുണ്ട്.

അതിനെക്കാളൊക്കെ ഉപരി ആരാധകരെ അത്ഭുതപ്പെടുത്തുന്നത് റയൽ പ്രതിരോധത്തിന്റെ പ്രകടനം തന്നെയാണ്. ലാലിഗയിൽ 26 റൗണ്ട് മത്സരങ്ങൾ പിന്നിടുമ്പോൾ 16 ഗോളുകൾ മാത്രമാണ് അവർ വഴങ്ങിയിട്ടുള്ളത്,ഇത് റെക്കോർഡിൽ ഇടം നേടിക്കഴിഞ്ഞിട്ടുണ്ട്. അതായത് റയലിന്റെ ചരിത്രത്തിൽ ആദ്യമായാണ് 26 റൗണ്ട് മത്സരങ്ങൾ പിന്നിടുമ്പോൾ ഇത്രയും കുറവ് ഗോളുകൾ വഴങ്ങുന്നത്. അതും പ്രതിരോധത്തിൽ നിരവധി പ്രതിസന്ധികൾ അനുഭവിച്ചിട്ടും അവർ റെക്കോർഡ് കുറിച്ചു എന്നുള്ളത് അത്ഭുതമാണ്.

റയലിന് തങ്ങളുടെ പ്രധാനപ്പെട്ട ഗോൾകീപ്പറായ തിബൗട്ട് കോർട്ടുവയേയും പ്രതിരോധ നിരതാരമായ എഡർ മിലിറ്റാവോയേയും കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ തന്നെ നഷ്ടമായിട്ടുണ്ട്.അവർ ഇല്ലാതെയാണ് ഇപ്പോഴും ക്ലബ്ബ് കളിക്കുന്നത്. ഡിസംബർ മാസത്തിൽ മറ്റൊരു പ്രതിരോധനിര താരമായ ഡേവിഡ് അലാബയെ നഷ്ടമായി.അദ്ദേഹം കളിക്കാൻ ആരംഭിച്ചിട്ടില്ല.ഗോൾകീപ്പർമാരെ മാറ്റി മാറ്റി ഉപയോഗിക്കേണ്ട സാഹചര്യം വന്നു. മാത്രമല്ല പ്രതിരോധനിരയിലെ പല താരങ്ങളെയും പരിക്ക് പിടികൂടിയ അതുകൊണ്ട് നിരവധി മാറ്റങ്ങൾ വരുത്തേണ്ടിവന്നു.

ചുവാമെനിയും കമവിങ്കയുമൊക്കെ പിറകോട്ട് ഇറങ്ങി കളിക്കുന്ന കാഴ്ച നമ്മൾ കണ്ടു. ഏറ്റവും കൂടുതൽ പ്രതിസന്ധിയിൽ പ്രതിരോധത്തിൽ തന്നെയാണ് റയലിന് അനുഭവിക്കേണ്ടിവന്നത്.എന്നിട്ട് പോലും ഈ റെക്കോർഡ് കുറിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അതിന്റെ കാരണം മറ്റാരുമല്ല, പരിശീലകൻ കാർലോ ആഞ്ചലോട്ടി തന്നെയാണ്. അദ്ദേഹത്തിന്റെ ഒരു മാസ്റ്റർ ക്ലാസ്സാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുക. സാഹചര്യത്തിനനുസരിച്ച് മാറ്റങ്ങൾ വരുത്തിയ അദ്ദേഹം എല്ലാ പ്രതിസന്ധികളെയും അതിജീവിക്കുകയായിരുന്നു. ഇക്കാര്യത്തിൽ ആഞ്ചലോട്ടി ഏറെ പ്രശംസകൾ അർഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *