കാര്യങ്ങൾ ഗുരുതരം, ഗ്രീസ്‌മാന്‌ ഇനി ബാഴ്സയോടൊപ്പം കളിക്കാൻ കഴിയില്ലെന്ന് മുൻ ഫ്രഞ്ച് താരം!

സൂപ്പർ താരം അന്റോയിൻ ഗ്രീസ്‌മാൻ ഉടനടി തന്നെ ബാഴ്‌സ വിടണമെന്ന ഉപദേശവുമായി മുൻ ഫ്രഞ്ച് താരം ലിസാറസു. കഴിഞ്ഞ ദിവസം നൽകിയ ടെലിഫൂട്ടിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഗ്രീസ്മാനെ കുറിച്ച് സംസാരിച്ചത്. കഴിഞ്ഞ രണ്ട് മത്സരത്തിൽ ഈ സൂപ്പർ താരത്തിന് ബാഴ്‌സയുടെ സ്റ്റാർട്ടിങ് ഇലവനിൽ സ്ഥാനം ലഭിച്ചിരുന്നില്ല. ചാമ്പ്യൻസ് ലീഗിൽ ഫെറെൻക്വേറൊസിനെതിരെയും ലാലിഗയിൽ റയൽ മാഡ്രിഡിനെതിരെയുമായിരുന്നു ഗ്രീസ്മാനെ കൂമാൻ പുറത്തിരുത്തിയത്. ഇതിനെ തുടർന്നാണ് മുൻ താരം ഗ്രീസ്മാനോട് ബാഴ്സ വിടാൻ ആവിശ്യപ്പെട്ടത്. ഗ്രീസ്‌മാന്റെ കാര്യങ്ങൾ ഗുരുതരമാണെന്നും അദ്ദേഹത്തിന് ഇനി ബാഴ്സയോടൊപ്പം കളിക്കാൻ കഴിയില്ലെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. നല്ല രീതിയിൽ താരത്തിന് ബാഴ്സയിൽ കളിക്കാൻ കഴിയില്ല എന്നാണ് ഉദ്ദേശിച്ചത്.

” ഗ്രീസ്‌മാൻ മികച്ച ഒരു താരമാണ്. ഫ്രാൻസിന് വേണ്ടി അത്ഭുതകരമായ പ്രകടനമാണ് താരം പുറത്തെടുക്കാറുള്ളത്. പക്ഷെ അദ്ദേഹത്തിന് ബാഴ്‌സയിൽ അത് കഴിയുന്നില്ല. അത് വലിയൊരു പ്രശ്നമാണ്.മെസ്സിയോടൊപ്പം കളിക്കുക എന്ന സ്വപ്നവുമായാണ് അദ്ദേഹം ബാഴ്സയിൽ എത്തിയത്. പക്ഷെ നിർഭാഗ്യവശാൽ ഇരുവർക്കുമിടയിൽ സാങ്കേതികപരമായ ഒരു ബന്ധം ഉണ്ടാക്കിയെടുക്കാൻ സാധിച്ചില്ല. കളത്തിനകത്ത് അത് കാണാൻ സാധിക്കുന്നില്ല. ഗ്രീസ്‌മാന്‌ അദ്ദേഹത്തിന്റെ പൊസിഷൻ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇനി അദ്ദേഹത്തിന് ബാഴ്‌സയോടൊപ്പം കളിക്കാൻ കഴിയില്ല. ഇത് ആത്മവിശ്വാസത്തിന്റെ പ്രശ്നമാണ്. അദ്ദേഹം ചെയ്യേണ്ട കാര്യം ബാഴ്സ വിടുക എന്നതാണ്. കാരണം ബാഴ്‌സ അദ്ദേഹത്തിന് പറ്റിയ സ്ഥാനമല്ല. പതിനെട്ടു മാസത്തോളം അദ്ദേഹം ബാഴ്‌സയിൽ ചിലവഴിച്ചു. ഇനി അവിടെ തുടരേണ്ട കാര്യമില്ല ” ലിസറസു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *