കാര്യങ്ങൾ ഗുരുതരം, അടിയന്തര യോഗം വിളിച്ച് ആഞ്ചലോട്ടി!

ഇന്ന് ലാലിഗയിൽ നടക്കുന്ന മത്സരത്തിൽ റയൽ മാഡ്രിഡ് കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ ഒസാസുനയാണ്. ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം 6:30നാണ് ഈയൊരു മത്സരം നടക്കുക. റയൽ മാഡ്രിഡിന്റെ മൈതാനമായ സാൻഡിയാഗോ ബെർണാബുവിൽ വെച്ചു കൊണ്ടാണ് ഈയൊരു മത്സരം അരങ്ങേറുക.

റയൽ മാഡ്രിഡ് വളരെയധികം ബുദ്ധിമുട്ടേറിയ ഒരു സമയത്തിലൂടെയാണ് ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്.സാന്റിയാഗോ ബെർണാബുവിൽ അവസാനമായി കളിച്ച രണ്ടു മത്സരങ്ങളിലും വലിയ തോൽവി അവർക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. എതിരില്ലാത്ത ഗോളുകൾക്കായിരുന്നു അവരെ ബാഴ്സലോണ പരാജയപ്പെടുത്തിയത്. അതിനുശേഷം എസി മിലാൻ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് റയലിനെ തോൽപ്പിക്കുകയായിരുന്നു.ഇത് കാര്യങ്ങളെ കൂടുതൽ വഷളാക്കിയിട്ടുണ്ട്.ആഞ്ചലോട്ടിയുടെ സ്ഥാനം പോലും ഇപ്പോൾ ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്ക പുറത്ത് വിട്ടിട്ടുണ്ട്. അതായത് റയലിന്റെ പരിശീലകൻ ഒരു അടിയന്തരയോഗം വിളിച്ചു ചേർത്തിട്ടുണ്ട്. നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കാണാൻ വേണ്ടിയാണ് ആഞ്ചലോട്ടി യോഗം വിളിച്ചു ചേർത്തിട്ടുള്ളത്. ടീമിന്റെ കോൺഫിഡൻസ് വീണ്ടെടുക്കുക എന്നതാണ് പ്രധാനമായും ലക്ഷ്യം വെച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ച് മത്സരങ്ങളിൽ കമ്മിറ്റ്മെന്റ് കുറവായിരുന്നു എന്ന് ഈ പരിശീലകൻ കണ്ടെത്തിയിട്ടുണ്ട്. ഇത് എത്രയും വേഗം പരിഹരിക്കാനും അദ്ദേഹം നിർദ്ദേശം നൽകിയിട്ടുണ്ട്.

ടീമിന്റെ മോശം പ്രകടനത്തിന് വ്യക്തികളല്ല ഉത്തരവാദികൾ എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. മറിച്ച് എല്ലാവർക്കും ഒരുപോലെ ഉത്തരവാദിത്തമുണ്ട് എന്നാണ് പരിശീലകൻ അറിയിച്ചിട്ടുള്ളത്. ടീമിന്റെ എനർജിയും വർക്ക് റേറ്റും കുറഞ്ഞത് ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.ടീമിന്റെ പ്രശ്നങ്ങൾ ഒന്നടങ്കം ആഞ്ചലോട്ടി താരങ്ങളോട് തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. എത്രയും പെട്ടെന്ന് ഇതിനെല്ലാം പരിഹാരം കാണാൻ കഴിയും എന്നാണ് റയൽ വിശ്വസിക്കുന്നത്.

വളരെ നിർണായകമായ മത്സരങ്ങളാണ് റയലിനെ കാത്തിരിക്കുന്നത്.അടുത്ത ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ലിവർപൂൾ ആണ് റയൽ മാഡ്രിഡിന്റെ എതിരാളികൾ. മിന്നുന്ന ഫോമിൽ കളിക്കുന്ന ലിവർപൂളിനെ അവരുടെ തട്ടകത്തിൽ വച്ചുകൊണ്ട് നേരിടുക എന്നതാണ് റയലിനെ കാത്തിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി.

Leave a Reply

Your email address will not be published. Required fields are marked *