കാര്യങ്ങൾ കൈവിടുന്നു, ബാഴ്സക്ക് സംഭവിച്ചത് വമ്പൻ നഷ്ടം

കോവിഡ് പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ച ക്ലബുകളിലൊന്നാണ് സ്പാനിഷ് വമ്പൻമാരായ ബാഴ്സലോണ. സാമ്പത്തികപ്രതിസന്ധി മൂലം മത്സരങ്ങൾ നിർത്തിവെച്ച സമയത്ത് താരങ്ങളുടെയും സ്റ്റാഫുകളുടെയും വേതനം കട്ട്‌ ചെയ്യാൻ ബാഴ്‌സ നിർബന്ധിതരായിരുന്നു. സാമ്പത്തികപ്രതിസന്ധിയുടെ ഒടുവിലെ ഉദാഹരണമായിരുന്നു ആർതറിനെ ബാഴ്സ വിറ്റുകളഞ്ഞത്. ഇപ്പോഴിതാ പുതിയ റിപ്പോർട്ടുകൾ പ്രകാരം ബാഴ്സയുടെ സാമ്പത്തികവർഷം അവസാനിച്ചപ്പോൾ ബാഴ്സക്ക് സംഭവിച്ചത് വലിയ നഷ്ടമായിരുന്നുവെന്ന് കണക്കുകൾ കാണിക്കുന്നു. കറ്റാലൻ മാധ്യമമായ സ്പോർട്ട് ആണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ബാഴ്സയുടെ 2019-2020 സാമ്പത്തികവർഷം ക്ലോസ് ചെയ്തത്. ക്ലബിന്റെ ഈ അടുത്ത കാലത്തെ ഏറ്റവും വലിയ സാമ്പത്തികപ്രതിസന്ധിയാണ് ഈ വർഷം നേരിട്ടതെന്ന് എൽ പീരിയഡികോ പുറത്തു വിട്ട കണക്കുകൾ കാണിക്കുന്നു. നിലവിൽ 154 മില്യൺ യുറോ നഷ്ടം ബാഴ്സക്ക് സംഭവിച്ചെന്നും കൂടുതൽ വ്യക്തമായ കണക്കുകൾ പുറത്തു വിടുമ്പോഴേക്കും 200 മില്യൺ യുറോക്കടുത്ത് നഷ്ടം ബാഴ്‌സക്ക് ഉണ്ടായേക്കാം എന്നുമാണ് റിപ്പോർട്ടുകൾ ചൂണ്ടികാണിക്കുന്നത്.

സാമ്പത്തികവർഷത്തിന്റെ ആരംഭത്തിൽ ബാഴ്സ ലക്ഷ്യം വെച്ചിരുന്ന വരുമാനം എന്നത് 1.047 ബില്യൺ ആയിരുന്നു. എന്നാൽ സാമ്പത്തികവർഷം ക്ലോസ് ചെയ്യുമ്പോൾ ബാഴ്സക്ക് സമ്പാദിക്കാനായത് കേവലം 850 മില്യൺ യുറോമാത്രമാണ്. താരങ്ങളുടെ വേതനം കട്ട്‌ ചെയ്തത് വഴി നാല്പത് മില്യൺ യുറോയാണ് ബാഴ്സക്ക് സേവ് ചെയ്യാനായത്. എന്നാൽ ഇതൊന്നും ബാഴ്സയുടെ നഷ്ടത്തിന്റെ അളവിൽ വലിയൊരു മാറ്റം വരുത്താൻ സഹായകരമായിരുന്നില്ല. പക്ഷെ കണക്കുകൾ പൂർണ്ണമല്ല എന്ന് ബാഴ്സ തന്നെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്. ഒന്ന് കൂടി വ്യക്തത കൈവന്നാൽ റെക്കോർഡ് നഷ്ടം ഉണ്ടാവാൻ സാധ്യതയുണ്ടെന്നും വാർത്തകൾ അറിയിക്കുന്നുണ്ട്. അതേസമയം കാണികളെ പ്രവേശിപ്പിക്കാൻ തുടങ്ങിയാൽ ഒരു പരിധി വരെ നഷ്ടം തിരിച്ചു പിടിക്കാം എന്നാണ് ബാഴ്സയുടെ കണക്കുക്കൂട്ടലുകൾ. ഏതായാലും സാമ്പത്തികപ്രതിസന്ധിയും ബാഴ്സക്കുള്ളിൽ കാര്യങ്ങളെ കൂടുതൽ ഗുരുതരമാക്കിയിരിക്കുകയാണ്. ബാഴ്സ ബോർഡിനകത്തും ടീമിനകത്തും അസ്വാരസ്വങ്ങൾ ഉടലെടുത്തതായി ചില മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *