കാര്യങ്ങൾ അതിവേഗത്തിൽ, ലയണൽ മെസ്സിക്ക് നാളെ ബാഴ്സ ഓഫർ നൽകും!

സൂപ്പർ താരം ലയണൽ മെസ്സിയുടെ ഭാവി അറിയാനുള്ള കാത്തിരിപ്പിലാണ് ഫുട്ബോൾ ലോകം ഒന്നടങ്കമുള്ളത്. മെസ്സിക്ക് ബാഴ്സയിലേക്ക് തിരികെ വരാൻ സാധിക്കുമോ ഇല്ലയോ എന്നുള്ളതാണ് ആരാധകർ ഉറ്റുനോക്കുന്ന കാര്യം. ലാലിഗ ബാഴ്സയുടെ പ്ലാനിന് അനുമതി നൽകിയെങ്കിലും ഇതുവരെ ഓഫർ സമർപ്പിക്കാൻ ബാഴ്സക്ക് സാധിച്ചിരുന്നില്ല.

അതുകൊണ്ടുതന്നെ മെസ്സി ബാഴ്സയിലേക്ക് തിരിച്ചുവരാനുള്ള സാധ്യതകൾ സങ്കീർണമാണ് എന്ന് വാർത്തകൾ ഉണ്ടായിരുന്നു. പക്ഷേ ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രമുഖ സ്പാനിഷ് മാധ്യമമായ ഡയാറിയോ AS പുറത്തുവിട്ടു കഴിഞ്ഞു. അതായത് ലയണൽ മെസ്സിക്ക് ഒരു ഫോർമൽ ഓഫർ എഫ്സി ബാഴ്സലോണ നാളെ സമർപ്പിക്കും. അക്കാര്യത്തിൽ ബാഴ്സലോണ പരിശീലകനായ സാവിയും ഡയറക്ടറായ അലെമനിയും തീരുമാനത്തിലെത്തിക്കഴിഞ്ഞു എന്നാണ് ഈ മാധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മെസ്സിയുടെ കാര്യം മാത്രമല്ല, ബാഴ്സ രജിസ്റ്റർ ചെയ്യാൻ ബാക്കിവെച്ച കുറച്ചു താരങ്ങളുണ്ട്.അവരുടെ രജിസ്ട്രേഷനും പെട്ടെന്ന് പൂർത്തിയാക്കാൻ തീരുമാനമായിട്ടുണ്ട്. കൂടാതെ ആരൊക്കെ വിറ്റൊഴിവാക്കണം എന്നുള്ള കാര്യത്തിൽ നാളെ തന്നെ ഏകദേശം ധാരണകൾ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. ലയണൽ മെസ്സിയെ കൊണ്ടുവരണമെങ്കിൽ കൂടുതൽ താരങ്ങൾ ക്ലബ് വിടേണ്ടതുണ്ട്. അതുകൊണ്ടുതന്നെ അക്കാര്യത്തിലും ഒരു അതിവേഗത്തിലുള്ള തീരുമാനമുണ്ടാവും.

മെസ്സിക്ക് വേണ്ടി പരമാവധി ശ്രമിക്കാനാണ് ബാഴ്സ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഏതായാലും ബാഴ്സയുടെ ഓഫർ ഏത് രൂപത്തിലുള്ളതായിരിക്കും? മെസ്സി അത് സ്വീകരിക്കുമോ എന്നുള്ളതൊക്കെ കാത്തിരുന്ന കാണേണ്ട കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *