കാത്തിരിക്കുകയാണെന്ന് സാവി പറഞ്ഞു,ഒരുപാട് കിരീടങ്ങൾ നേടണം : ലെവന്റോസ്ക്കി

ഏറെ നാളത്തെ അഭ്യുഹങ്ങൾക്കും ഊഹാപോഹങ്ങൾക്കും വിരാമമിട്ടുകൊണ്ട് സൂപ്പർ താരം റോബർട്ട് ലെവന്റോസ്ക്കിയെ സ്വന്തമാക്കാൻ സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണ സാധിച്ചിരുന്നു.50 മില്യൺ യുറോയാണ് താരത്തിന് വേണ്ടി ബാഴ്സ ചിലവഴിച്ചിരിക്കുന്നത്. 2025 വരെയുള്ള ഒരു കരാറിലാണ് ലെവന്റോസ്ക്കി ഒപ്പ് വെച്ചിരിക്കുന്നത്.

ഏതായാലും ബാഴ്സയിൽ എത്തിയതിന് പിന്നാലെ ലെവന്റോസ്ക്കി പ്രമുഖ ജർമ്മൻ മാധ്യമമായ ബിൽഡിന് ഒരു അഭിമുഖം നൽകിയിരുന്നു.ഈ അഭിമുഖത്തിൽ ഒരുപാട് കാര്യങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചിട്ടുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനമാണ് ഇതെന്നാണ് ലെവ പറഞ്ഞിട്ടുള്ളത്. നേരത്തെ തന്നെ സാവിയെ കണ്ടിരുന്നുവെന്നും അദ്ദേഹം തന്നെ കാത്തിരിക്കുകയാണ് എന്നുള്ളത് പറഞ്ഞുവെന്നും ലെവന്റോസ്ക്കി കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു തീരുമാനമാണ് ഇത്. ഞാൻ ഇബിസയിൽ വെച്ച് സാവിയെ കണ്ടിരുന്നു.അദ്ദേഹം എനിക്ക് വേണ്ടി കാത്തിരിക്കുകയാണ് എന്നുള്ളത് അദ്ദേഹം പറഞ്ഞു.ഞങ്ങൾക്ക് ഒരുമിച്ച് ബാഴ്സയിൽ ഒരുപാട് കിരീടം നേടാൻ കഴിയുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.കഴിഞ്ഞ വർഷം ബാഴ്സക്ക് ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു.പക്ഷേ ഇപ്പോൾ അവർ ഒരുപാട് നല്ല സൈനിങ്ങുകൾ നടത്തിയിട്ടുണ്ട്.ടോപിലേക്ക് എത്താനുള്ള ശരിയായ പാതയിൽ തന്നെയാണ് ബാഴ്സ നിലവിലുള്ളത്.മറ്റൊരു ലീഗിൽ കളിക്കണമെന്നുള്ളത് എന്റെ ആഗ്രഹമായിരുന്നു. അതുകൊണ്ടാണ് ഞാൻ ബയേൺ വിടാൻ തീരുമാനിച്ചത്.പക്ഷേ അതൊരു ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നു ” ഇതാണ് ലെവന്റോസ്ക്കി പറഞ്ഞിട്ടുള്ളത്.

ഏതായാലും ലെവയുടെ വരവ് ബാഴ്സക്ക് ഗുണം ചെയ്യുമെന്നുള്ള കാര്യത്തിൽ സംശയമില്ല. കഴിഞ്ഞ രണ്ട് തവണയും ഫിഫയുടെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം നേടിയത് ലെവന്റോസ്ക്കിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *