കഷ്ടകാലമൊഴിയാതെ ബാഴ്സ, അത്ലെറ്റിക്കോയോടും തോറ്റു !

ലാലിഗയിലെ ഈ സീസണിലെ എഫ്സി ബാഴ്സലോണയുടെ കഷ്ടകാലമൊഴിയുന്നില്ല. ഈ സീസണിൽ മറ്റൊരു തോൽവി കൂടെ വഴങ്ങിയിരിക്കുകയാണ് മെസ്സിയും സംഘവും. എതിരില്ലാത്ത ഒരു ഗോളിനാണ് അത്ലെറ്റിക്കോ മാഡ്രിഡ്‌ ബാഴ്സയെ തകർത്തു വിട്ടത്. യാനിക്ക് കരാസ്ക്കോ നേടിയ ഗോളാണ് ബാഴ്‌സയുടെ തോൽവിക്ക്‌ കാരണമായത്. ഇതോടെ പോയിന്റ് ടേബിളിൽ ബാഴ്സയുടെ സ്ഥിതി കൂടുതൽ പരിതാപകരമായി. എട്ട് മത്സരങ്ങളിൽ പതിനൊന്ന് പോയിന്റ് മാത്രമുള്ള ബാഴ്‌സ ലീഗിൽ പത്താം സ്ഥാനത്താണ്. ഈ ലാലിഗയിൽ ബാഴ്‌സ വഴങ്ങുന്ന മൂന്നാം തോൽവിയായിരുന്നു ഇന്നലത്തേത്. അതേസമയം ഇരുപത് പോയിന്റുകൾ നേടിക്കൊണ്ട് അത്ലെറ്റിക്കോ മാഡ്രിഡ്‌ രണ്ടാം സ്ഥാനത്തേക്ക്‌ കയറി. ഇരുപത് പോയിന്റുകൾ തന്നെയുള്ള റയൽ സോസിഡാഡാണ് ഒന്നാം സ്ഥാനത്ത്.

ഗ്രീസ്‌മാൻ, മെസ്സി, പെഡ്രി, ഡെംബലെ എന്നിവരായിരുന്നു ബാഴ്‌സയുടെ മുന്നേറ്റങ്ങളെ നയിച്ചിരുന്നത്. എന്നാൽ വലിയ തോതിലുള്ള ചലനങ്ങളൊന്നും സൃഷ്ടിക്കാൻ ഇവർക്ക് സാധിച്ചില്ല. ഒടുവിൽ ആദ്യ പകുതിയുടെ അധികസമയത്താണ് അത്ലെറ്റിക്കോ മാഡ്രിഡിന്റെ ഗോൾ പിറന്നത്. എയ്ഞ്ചൽ കൊറെയയുടെ പാസ് സ്വീകരിച്ച കരാസ്ക്കോ മുന്നോട്ട് കയറി വന്ന ടെർ സ്റ്റീഗനെയും കബളിപ്പിച്ച് ഗോൾ കണ്ടെത്തുകയായിരുന്നു. ഈ ഗോളിന് മറുപടി നൽകാൻ പിന്നീട് ബാഴ്സക്ക്‌ കഴിഞ്ഞില്ല. ഒന്ന് രണ്ട് തവണ ഹെഡർ ശ്രമങ്ങൾ നടത്തിയെങ്കിലും ഒബ്ലാക് അതെല്ലാം നിഷ്ഫലമാക്കുകയായിരുന്നു. ഇനി ഒസാസുനയോടാണ് ബാഴ്സക്ക്‌ ലീഗിലെ അടുത്ത മത്സരം.

Leave a Reply

Your email address will not be published. Required fields are marked *