കരാർ : മെസ്സിയുടെ വഴിയേ ക്രിസ്റ്റ്യാനോ റൊണാൾഡോയും!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ ട്രാൻസ്ഫർ ജാലകത്തിൽ യുവന്റസ് വിട്ടേക്കുമെന്നുള്ള റൂമറുകൾ പല മാധ്യമങ്ങളും റിപ്പോർട്ട്‌ ചെയ്തിരുന്നു. താരത്തിന്റെ മുൻ ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ്, വമ്പൻമാരായ പിഎസ്ജി എന്നിവരുമായി ബന്ധപ്പെടുത്തി കൊണ്ടുള്ള റൂമറുകളായിരുന്നു അധികവും. എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിൽ തന്നെ തുടരുമെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണിപ്പോൾ. അവധി ആഘോഷം കഴിഞ്ഞ് റൊണാൾഡോ ജൂലൈ 25- ന് മുന്നേ യുവന്റസിനൊപ്പം ചേർന്നേക്കും. പ്രീ സീസൺ മത്സരങ്ങളിൽ താരം ടീമിനോടൊപ്പമുണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ.

അത് മാത്രമല്ല, കരാറിന്റെ കാര്യത്തിൽ സൂപ്പർ താരം ലയണൽ മെസ്സിയുടെ വഴി പിന്തുടരാനുള്ള ഒരുക്കത്തിലാണ് റൊണാൾഡോ. അതായത് എഫ്സി ബാഴ്സലോണയുമായി കരാർ അവസാനിച്ച മെസ്സി പുതിയ കരാറിൽ ഒപ്പ് വെക്കാനുള്ള ഒരുക്കത്തിലാണ്. സാലറി കുറച്ചു കൊണ്ട് അഞ്ച് വർഷത്തെ കരാറിലായിരിക്കും മെസ്സി ഒപ്പ് വെക്കുക എന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. അങ്ങനെ സംഭവിക്കുകയാണെങ്കിൽ മെസ്സി 39 വയസ്സ് വരെ ബാഴ്സക്കൊപ്പമുണ്ടാവും.

റൊണാൾഡോ കാര്യത്തിലേക്ക്‌ വരികയാണെങ്കിൽ നിലവിൽ അദ്ദേഹത്തിന് 2022 വരെയാണ് കരാറുള്ളത്. ഈ കരാർ ഒരു വർഷത്തേക്ക് നീട്ടാനുള്ള ഒരുക്കത്തിലാണ് താരം. നിലവിൽ 60 മില്യൺ യൂറോയാണ് റൊണാൾഡോക്ക്‌ സാലറിയായി ലഭിക്കുന്നത്. ഈ സാലറി കുറക്കാനും താരം തയ്യാറായേക്കും. ഇങ്ങനെ സംഭവിക്കുകയാണെങ്കിൽ റൊണാൾഡോ 38-ആം വയസ്സ് വരെ യുവന്റസിന്റെ ജേഴ്സിയിൽ ഉണ്ടാവും. റൊണാൾഡോയും ഏജന്റായ മെൻഡസും യുവന്റസ് പ്രസിഡന്റ്‌ ആൻഡ്രിയ ആഗ്നെല്ലിയും ഇത്‌ സംബന്ധിച്ച ചർച്ചകൾ ഉടൻ തന്നെ നടത്തുമെന്നാണ് ഇറ്റാലിയൻ മാധ്യമമായ ലാ ഗസറ്റ ഡെല്ലോ സ്പോർട്ട് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. ഏതായാലും മെസ്സിയും ക്രിസ്റ്റ്യാനോയും തങ്ങളുടെ ക്ലബുകളുമായി കരാർ പുതുക്കുമെന്ന് തന്നെയാണ് ഏറ്റവും ഒടുവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *