കരാർ പുതുക്കണം, മെസ്സിയുടെ പിതാവ് ലാപോർട്ടയുമായി ചർച്ച നടത്തി!

സൂപ്പർ താരം ലയണൽ മെസ്സിയുടെ ബാഴ്‌സയുമായുള്ള കരാർ ഈ സീസണോട് കൂടി അവസാനിക്കുകയാണ്. ഈ സീസണിന് ശേഷം മാത്രമേ കരാറിന്റെ കാര്യത്തിൽ തീരുമാനമെടുക്കുകയൊള്ളൂ എന്ന നിലപാടാണ് നിലവിൽ മെസ്സി സ്വീകരിച്ചിരിക്കുന്നത്. എന്നാൽ ആരാധകർക്ക് ആശ്വാസമേകുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. മെസ്സിയുടെ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് മെസ്സിയുടെ പിതാവും ഏജന്റുമായ ജോർഗെ മെസ്സി ബാഴ്സയുടെ പുതിയ പ്രസിഡന്റ്‌ ആയ ലാപോർട്ടയുമായി ചർച്ചകൾ നടത്തിയിട്ടുണ്ട്. സ്പാനിഷ് മാധ്യമങ്ങളായ ടിവി ത്രീ, മാർക്ക എന്നിവരാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. ആഴ്ച്ചകൾക്ക് മുമ്പ് മെസ്സിയുടെ പിതാവ് ചർച്ചകൾക്ക് വേണ്ടി അർജന്റീനയിൽ നിന്നും ബാഴ്സലോണയിൽ എത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹം ലാപോർട്ടയുമായി കൂടികാഴ്ച്ച നടത്തിയത്.

കരാർ പുതുക്കാൻ തന്നെയാണ് ഇരുവിഭാഗക്കാർക്കും താല്പര്യം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇതുവരെ ഒരു ഓഫർ ലാപോർട്ട നൽകിയിട്ടില്ല.ക്ലബ്ബിന്റെ അക്കൗണ്ടുകളുടെ വ്യക്തമായ വിവരങ്ങൾ ലഭിച്ചതിന് ശേഷം മാത്രമേ ലാപോർട്ട ഓഫർ മുന്നോട്ട് വെക്കുകയൊള്ളൂ. അതേസമയം മെസ്സിയെ സംബന്ധിച്ചിടത്തോളം പണമല്ല വിഷയം. മറിച്ച് മെസ്സിക്ക് വേണ്ടത് ഒരു വിന്നിംഗ് പ്രൊജക്റ്റ്‌ ആണ്. അക്കാര്യത്തിൽ കൺവിൻസ്‌ ചെയ്യിക്കാൻ സാധിച്ചാൽ മാത്രമേ മെസ്സി കരാർ പുതുക്കുകയൊള്ളൂ. മെസ്സി രണ്ട് വർഷത്തേക്കായിരിക്കും കരാർ പുതുക്കുക എന്നാണ് അറിയാൻ കഴിയുന്നത്. അതിന് ശേഷം എംഎൽസിലേക്ക് ചേക്കേറുന്നതിനെ കുറിച്ച് മെസ്സി ആലോചിക്കും. താൻ എംഎൽഎസിൽ കളിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മെസ്സി മുമ്പ് വെളിപ്പെടുത്തിയിരുന്നു. ബെക്കാമിന്റെ ഇന്റർമിയാമി മെസ്സിക്ക് വേണ്ടി രംഗത്തുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *