ഒറ്റ ഗോളിൽ വിജയിച്ച് ബാഴ്സ, തരം താഴ്ത്തപ്പെട്ട് എസ്പാന്യോൾ

ഇന്ന് പുലർച്ചെ നടന്ന ലാ ലിഗ മത്സരത്തിൽ FC ബാഴ്സലോണക്ക് ജയം. കാറ്റലൻ ഡെർബിയിൽ ഏകപക്ഷീയമായ ഒരു ഗോളിനാണവർ എസ്പാന്യോളിനെ പരാജയപ്പെടുത്തിയത്. ഉറുഗ്വായ് സ്ട്രൈക്കർ ലൂയി സുവാരസാണ് ബാഴ്സയുടെ വിജയ ഗോൾ നേടിയത്. ഈ വിജയത്തോടെ 35 മത്സരങ്ങളിൽ നിന്നും 76 പോയിന്റുമായി ബാഴ്സലോണ ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. അതേ സമയം മത്സരം പരാജയപ്പെട്ട എസ്പാന്യോളിന് 35 മത്സരങ്ങളിൽ നിന്നും 24 പോയിന്റേയുള്ളൂ. ലീഗ് ടേബിളിൽ അവസാനക്കാരായ അവർ രണ്ടാം ഡിവിഷനിലേക്ക് തരം താഴ്ത്തപ്പെട്ടു.

ക്യാമ്പ് നൗവിൽ നടന്ന മത്സരത്തിൽ MSG തന്നെയാണ് ബാഴ്സയുടെ ആക്രമണങ്ങൾ നയിച്ചതെങ്കിലും എസ്പാന്യോൾ ചെറുത്ത് നിന്നതോടെ ആദ്യപകുതി ഗോൾരഹിതമായി അവസാനിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ നെൽസൺ സെമെഡോയെ പിൻവലിച്ച് അൻസു ഫാറ്റിയെ കളത്തിലിറക്കി ബാഴ്സ പരിശീലകൻ ആക്രമണങ്ങൾക്ക് മൂർച്ച കൂട്ടാൻ ശ്രമിച്ചു. പക്ഷേ അമ്പതാം മിനുട്ടിൽ ഫെർണാണ്ടോ കലേറോയെ ഫൗൾ ചെയ്തതിന് ഫാറ്റിക്ക് ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോവേണ്ടി വന്നു. അതോടെ ബാഴ്സ പത്തു പേരായി ചുരുങ്ങി. എന്നാൽ തൊട്ടടുത്ത മിനുട്ടിൽ ജെറാദ് പീക്കെയെ ഫൗൾ ചെയ്തതിന് എസ്പാന്യോളിന്റെ പോൾ ലൊസാനോക്കും മാർച്ചിംഗ് ഓർഡർ ലഭിച്ചു. അതോടെ ഇരു ടീമുകളും പത്തു പേരായി ചുരുങ്ങി.

വിജയ ഗോളിനായുള്ള ബാഴ്സ യുടെ ശ്രമം അധികം വൈകാതെ ഫലം കണ്ടു. ബോക്സിനകത്ത് വെച്ച് ഗ്രീസ്മാൻ മെസ്സിക്ക് നൽകിയ ബാക്ക്ഹീലർ നിന്നും താരം ഷോട്ടുതിർക്കാൻ ശ്രമിച്ചെങ്കിലും അത് ബ്ലോക്ക് ചെയ്യപ്പെട്ടു, തുടർന്ന് പന്ത് ലഭിച്ച ലൂയി സുവാരസ് അനായാസം സ്കോർ ചെയ്യുകയായിരുന്നു. മത്സരത്തിൽ പിന്നീട് ഗോളുകൾ പിറക്കാതിരുന്നതോടെ ബാഴ്സലോണ വിലപ്പെട്ട മൂന്ന് 3 പോയിന്റുകൾ സ്വന്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *