ഒരേയൊരു നമ്പർ വണ്ണേയൊള്ളൂ, അത് മെസ്സിയാണ്. താരത്തിന് നന്ദിയർപ്പിച്ചു കൊണ്ട് റാക്കിറ്റിച്ച് പറയുന്നു !

ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു എഫ്സി ബാഴ്സലോണ താരമായിരുന്ന ഇവാൻ റാക്കിറ്റിച്ച് ക്ലബ് വിട്ട് തന്റെ മുൻ ക്ലബായ സെവിയ്യയിലേക്ക് ചേക്കേറിയത്. ആറ് വർഷം ബാഴ്‌സക്ക്‌ വേണ്ടി മിന്നും പ്രകടനം നടത്തിയ താരം ബാഴ്‌സക്കുള്ളിലെ പ്രതിസന്ധികൾ രൂക്ഷമായപ്പോൾ മുൻ ക്ലബ്ബിലേക്ക് മടങ്ങുകയായിരുന്നു. ഇപ്പോഴിതാ തന്റെ മുൻ സഹതാരവും സൂപ്പർ താരവുമായ ലയണൽ മെസ്സിയെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് ഈ ക്രോയേഷ്യൻ താരം. കഴിഞ്ഞ ദിവസം ഫിഫ ഡോട്ട് കോമിന് നൽകിയ ദീർഘമേറിയ അഭിമുഖത്തിലാണ് റാക്കിറ്റിച്ച് മെസ്സിയെ കുറിച്ച് സംസാരിക്കാൻ സമയം കണ്ടെത്തിയത്. ഫുട്ബോൾ ലോകത്ത് ഒരേയൊരു നമ്പർ വണ്ണേയൊള്ളൂ എന്നും അത് മെസ്സിയാണ് എന്നുമാണ് ഇദ്ദേഹം അറിയിച്ചത്. നിങ്ങൾ ആരുമായാലും മെസ്സിയെ ആസ്വദിക്കാൻ ശ്രമിക്കണമെന്നും റാക്കിറ്റിച്ച് കൂട്ടിച്ചേർത്തു.

” തീർച്ചയായും ഒരു താരമെന്ന രീതിയിൽ മെസ്സി നൂറ് ശതമാനം സമ്പൂർണനാണ്. നിങ്ങൾ ആരാണ് എന്നുള്ളത് കാര്യമാക്കേണ്ട, നിങ്ങൾ ചെയ്യേണ്ടത് അദ്ദേഹത്തെ വീക്ഷിക്കുകയും അദ്ദേഹത്തെ ആസ്വദിക്കുകയുമാണ്. അദ്ദേഹം മറ്റൊരു തലത്തിൽ ഉള്ളതാണ്. മറ്റെല്ലാ ഇതിഹാസങ്ങളോടുള്ള ബഹുമാനം നിലനിർത്തി കൊണ്ട് തന്നെ പറയട്ടെ, ലോകത്ത് ഒരേയൊരു നമ്പർ വണ്ണേയൊള്ളൂ. അത് മെസ്സിയാണ്. 311 മത്സരങ്ങൾ അദ്ദേഹത്തോടൊപ്പം കളിക്കാൻ സാധിച്ചു. അത് സ്വപ്നതുല്യമാണ്. എനിക്കദ്ദേഹത്തോട് നന്ദി മാത്രമേ പറയാനൊള്ളൂ. എന്തെന്നാൽ അദ്ദേഹത്തോടൊപ്പം കളിച്ചത് ഞാൻ എത്രത്തോളം ആസ്വദിച്ചിരിക്കുന്നു എന്നുള്ളത് അദ്ദേഹത്തിന് അറിയാവുന്നതിലുമപ്പുറമാണ് ” റാക്കിറ്റിച്ച് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *