ഒരു സ്പർശനം പോലുമില്ലാതെ ഗോളിയെയും ഡിഫൻഡറെയും കബളിപ്പിച്ച് മെസ്സി, കയ്യടി, വീഡിയോ!

ലാലിഗയിൽ ഇന്നലെ നടന്ന മത്സരത്തിൽ വമ്പൻ ജയം നേടാൻ എഫ്സി ബാഴ്സലോണക്ക് സാധിച്ചിരുന്നു. ആദ്യ പകുതിയിൽ 1-1 സമനിലയിൽ നിന്നിരുന്ന ഒരു മത്സരത്തിന്റെ ഗതിമാറ്റിയത് മെസ്സിയാണെന്ന് പറഞ്ഞാൽ അത് തെറ്റാവില്ല. കാരണം രണ്ടാം പകുതി പകരക്കാരന്റെ രൂപത്തിൽ മെസ്സി ഇറങ്ങിയ ശേഷമാണ് ബാഴ്സ നാലു ഗോളുകൾ നേടിയത് എന്നോർക്കണം. ആദ്യ പകുതിയിൽ ബാഴ്സക്ക് വേണ്ടി ഡെംബലെ ഗോൾ നേടിയപ്പോൾ ഗ്രീസ്‌മാൻ പെനാൽറ്റി പാഴാക്കിയത് ടീമിന് തിരിച്ചടിയായി. എന്നാൽ രണ്ടാം പകുതിയിൽ മെസ്സി ഇറങ്ങിയ ഉടനെ തന്നെ താരത്തിന്റെ പ്രതിഭാമികവാണ് ആരാധകർക്ക് കാണാൻ സാധിച്ചത്.മത്സരത്തിന്റെ നാല്പത്തിയൊമ്പതാം മിനിറ്റിലായിരുന്നു മെസ്സി തന്റെ ഒരു സ്പർശനം പോലുമില്ലാതെ ഗ്രീസ്‌മാന്റെ ഗോളിൽ സാന്നിധ്യമറിയിച്ചത്.

ജോർദി ആൽബയുടെ ക്രോസിൽ നിന്നായിരുന്നു ഗ്രീസ്‌മാന്റെ ഗോൾ പിറന്നത്. ആ ക്രോസ് മെസ്സി ഗോളാക്കി മാറ്റുമെന്ന ധാരണയിൽ ബെറ്റിസ് ഡിഫൻഡറും ഗോൾകീപ്പർ ബ്രാവോയും താരത്തെ തടയാനുള്ള ഒരുക്കത്തിലായിരുന്നു. എന്നാൽ ഇരുവരെയും വിദഗ്ദമായി കബളിപ്പിച്ച മെസ്സി ആ ബോൾ ലീവ് ചെയ്യുകയായിരുന്നു. ഫലമായി തന്റെ പിറകിലൂടെ ഓടിവന്ന ഗ്രീസ്‌മാൻ ഒഴിഞ്ഞ പോസ്റ്റിലേക്ക് നിറയൊഴിക്കുകയായിരുന്നു. ബോളിൽ ഒരു സ്പർശനം പോലുമില്ലാതെയാണ് മെസ്സി ആ ഗോളിൽ തന്റെ പങ്കുവഹിച്ചത്. പിന്നാലെ പെനാൽറ്റിയിലൂടെ ഗോൾ നേടിയ മെസ്സി 82-ആം മിനുട്ടിൽ ഒരു ഗോൾ കൂടി കണ്ടെത്തി. റോബെർട്ടോയുടെ പാസ് സ്വീകരിച്ച താരം ഒരു കിടിലൻ ഷോട്ടിലൂടെ വലകുലുക്കുകയായിരുന്നു. ഈ സീസണിൽ ഓപ്പൺ പ്ലേയിലൂടെ ഗോളില്ല എന്ന വിമർശനത്തിന് മെസ്സി അതോടെ വിരാമമിടുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *