ഒരു വലിയ വെല്ലുവിളിയുണ്ട്: യമാലിന് ലെവയുടെ മുന്നറിയിപ്പ്
ഈ സീസണിൽ ഗംഭീര പ്രകടനമാണ് 17 കാരനായ ലാമിൻ യമാൽ പുറത്തെടുക്കുന്നത്. ഇതിനോടകം തന്നെ 14 ഗോളുകളിൽ തന്റെ സാന്നിധ്യം അറിയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ആറ് ഗോളുകളും 8 അസിസ്റ്റുകളുമാണ് യമാൽ സ്വന്തമാക്കിയിട്ടുള്ളത്. ബാഴ്സക്ക് വേണ്ടിയും സ്പെയിനിനു വേണ്ടിയും ഒരുപോലെ മികച്ച പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് സാധിക്കുന്നു. തന്റെ പതിനാറാമത്തെ വയസ്സിൽ തന്നെ ഫുട്ബോൾ ലോകത്തെ അമ്പരപ്പിച്ച താരം കൂടിയാണ് യമാൽ.
യമാലിന്റെ സഹതാരമായ റോബർട്ട് ലെവന്റോസ്ക്കി താരത്തെ കുറിച്ച് ഒരുപാട് കാര്യങ്ങൾ സംസാരിച്ചിട്ടുണ്ട്.കൂട്ടത്തിൽ ഒരു മുന്നറിയിപ്പും അദ്ദേഹത്തിന് നൽകിയിട്ടുണ്ട്. അതായത് ഇപ്പോൾ നടത്തുന്ന പ്രകടനം ഭാവിയിലും തുടർന്നു കൊണ്ടുപോവുക എന്നത് ഒരു വലിയ വെല്ലുവിളിയാണ് എന്നാണ് ലെവന്റോസ്ക്കി അദ്ദേഹത്തിന് നൽകുന്ന മുന്നറിയിപ്പ്.ലെവന്റോസ്ക്കിയുടെ വാക്കുകൾ ഇങ്ങനെയാണ്.
“ഞാൻ എപ്പോഴും അദ്ദേഹത്തിന് ഉപദേശങ്ങൾ നൽകാൻ ശ്രമിക്കാറുണ്ട്.അദ്ദേഹം ഇതുവരെ ചെയ്ത കാര്യങ്ങളും ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളും മികച്ചതാണ്. പക്ഷേ അദ്ദേഹം തിരിച്ചറിയേണ്ട ഒരു കാര്യമുണ്ട്. ഈ ലെവൽ തുടർന്നും കൊണ്ടുപോവുക എന്നത് ഒരല്പം ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. അടുത്ത രണ്ടോ മൂന്നോ വർഷത്തെ കുറിച്ചല്ല സംസാരിക്കുന്നത്.മറിച്ച് അടുത്ത പത്ത് വർഷത്തെ കാര്യമാണ്. മുപ്പതാം വയസ്സുവരെ അതിനു മുകളിലോ ഇതേ നിലവാരം അദ്ദേഹം തുടർന്നു കൊണ്ടു പോകേണ്ടതുണ്ട്. അത് വലിയ ഒരു വെല്ലുവിളി തന്നെയാണ് ” ഇതാണ് റോബർട്ട് ലെവന്റോസ്ക്കി പറഞ്ഞിട്ടുള്ളത്.
നിലവിൽ യമാൽ പരിക്കിന്റെ പിടിയിലാണ്. പരിക്കിൽ നിന്ന് മുക്തനാവാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. ബാഴ്സയുടെ അടുത്ത മത്സരം താരത്തിന് നഷ്ടമാകും എന്ന് ഉറപ്പായിട്ടുണ്ട്.യമാൽ സ്റ്റാർട്ട് ചെയ്യാത്ത രണ്ട് ലീഗ് മത്സരങ്ങളിലും ബാഴ്സലോണ പരാജയപ്പെട്ടിരുന്നു.