ഒരു കാലത്ത് മെസ്സിയുടെ ഫേവറേറ്റ്,റയലിന്റെയും ബാഴ്സയുടെയും ആധിപത്യം അവസാനിച്ചു,പിച്ചിച്ചിക്ക് പുതിയ അവകാശി!
ലാലിഗയിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരത്തിന് നൽകുന്ന പുരസ്കാരമാണ് പിച്ചിച്ചി ട്രോഫി. സ്പാനിഷ് മാധ്യമമായ മാർക്കയാണ് ഈ പുരസ്കാരം സമ്മാനിക്കാറുള്ളത്. ഇത്തവണ പിച്ചിച്ചി ട്രോഫിക്ക് പുതിയ ഒരു അവകാശി പിറന്നിട്ടുണ്ട്. മറ്റാരുമല്ല ജിറോണയുടെ സൂപ്പർ താരമായ ഡോവ്ബിക്കാണ് ഇത്തവണത്തെ പിച്ചിച്ചി ട്രോഫി സ്വന്തമാക്കിയിട്ടുള്ളത്. 24 ഗോളുകളാണ് അദ്ദേഹം ഈ ലാലിഗയിൽ നേടിയിട്ടുള്ളത്.
വിയ്യാറയൽ താരമായ സോർളോത്തിനെയാണ് ഇദ്ദേഹം മറികടന്നിട്ടുള്ളത്. 23 ഗോളുകളാണ് ഈ വിയ്യാറയൽ താരം സ്വന്തമാക്കിയിട്ടുള്ളത്. റയൽ മാഡ്രിഡ് സൂപ്പർ താരമായ ജൂഡ് ബെല്ലിങ്ങ്ഹാം മൂന്നാം സ്ഥാനത്തും ബാഴ്സ താരമായ ലെവന്റോസ്ക്കി നാലാം സ്ഥാനത്തുമാണ് ഇപ്പോൾ ഫിനിഷ് ചെയ്തിട്ടുള്ളത്. രണ്ട് പേരും 19 ഗോളുകൾ വീതമാണ് നേടിയിട്ടുള്ളത്.

ഡോവ്ബിക്ക് ഇത് സ്വന്തമാക്കിയതോടെ ഈ പുരസ്കാരത്തിലെ റയൽ മാഡ്രിഡ് – ബാഴ്സലോണ ആധിപത്യം അവസാനിച്ചിട്ടുണ്ട്. കഴിഞ്ഞ കുറെ വർഷക്കാലമായി പിച്ചിച്ചി ട്രോഫി ഈ രണ്ട് ടീമുകളിലെ താരങ്ങളാണ് നേടാറുള്ളത്.അതാണ് ഇപ്പോൾ അവസാനിച്ചിട്ടുള്ളത്. 2009 മുതൽ ഈ പുരസ്കാരം സ്വന്തമാക്കിയിട്ടുള്ളത് റയൽ മാഡ്രിഡോ അല്ലെങ്കിൽ ബാഴ്സയോ ആയിരുന്നു.
മെസ്സിയുടെ ഫേവറേറ്റ് പുരസ്കാരമാണ് ഇത്. ഏറ്റവും കൂടുതൽ പിച്ചിച്ചി ട്രോഫി നേടിയ താരം മെസ്സിയാണ്.8തവണ മെസ്സി ഈ ടോപ് സ്കോറർക്കുള്ള പുരസ്കാരം സ്വന്തമാക്കിയിട്ടുണ്ട്.2009/10 സീസൺ മുതലാണ് മെസ്സി ഈ പുരസ്കാരം നേടാൻ തുടങ്ങിയത്. ഇതിനിടയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ 3 തവണ ഈ പുരസ്കാരം നേടിയിട്ടുണ്ട്. കഴിഞ്ഞ തവണ ബാഴ്സ സൂപ്പർതാരമായ റോബർട്ട് ലെവന്റോസ്ക്കിയായിരുന്നു നേടിയിരുന്നത്. അതിന് മുൻപ് ബെൻസിമയായിരുന്നു ജേതാവ്. ഏതായാലും ഈ പുരസ്കാരം നേടിയതോടെ ഡോവ്ബിക്ക് സ്പാനിഷ് ലീഗിൽ ചരിത്രം കുറിച്ചിരിക്കുകയാണ്.