ഒരു അർജന്റൈൻ താരത്തെ കൈമാറും,ഡി പോളിന് കൂട്ടായി മറ്റൊരു അർജന്റൈൻ താരത്തെ എത്തിക്കുന്നതിന്റെ തൊട്ടരികിൽ അത്ലറ്റിക്കോ മാഡ്രിഡ്!

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു അർജന്റൈൻ സൂപ്പർ താരമായ റോഡ്രിഗോ ഡി പോളിനെ സ്പാനിഷ് വമ്പൻമാരായ അത്ലറ്റിക്കോ മാഡ്രിഡ് സ്വന്തമാക്കിയത്. ഇറ്റാലിയൻ ക്ലബ്ബായ ഉഡിനീസിൽ നിന്നായിരുന്നു താരം അത്ലറ്റിക്കോയിൽ എത്തിയത്.

ഇപ്പോഴിതാ ഉഡിനീസിൽ നിന്നും മറ്റൊരു അർജന്റൈൻ സൂപ്പർ താരത്തെ സ്വന്തമാക്കുന്നതിന്റെ തൊട്ടരികിലാണ് നിലവിൽ അത്ലറ്റിക്കോ മാഡ്രിഡുള്ളത്. പ്രതിരോധനിരതാരമായ നഹുവേൽ മൊളീനയെയാണ് അത്ലറ്റിക്കോ മാഡ്രിഡ് സ്വന്തമാക്കുന്നത്. പ്രമുഖ ഇറ്റാലിയൻ ജേണലിസ്റ്റായ ഡി മാർസിയോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

2020ൽ അർജന്റൈൻ ക്ലബ്ബായ ബൊക്ക ജൂനിയേഴ്സിൽ നിന്നായിരുന്നു മൊളീന ഉഡിനീസിൽ എത്തിയത്.എന്നാൽ ഈ സമ്മറിൽ താരം ക്ലബ്ബ് വിടാൻ തീരുമാനിക്കുകയായിരുന്നു. ഇറ്റാലിയൻ വമ്പൻമാരായ യുവന്റസിന് തുടക്കത്തിൽ താരത്തിൽ താല്പര്യമുണ്ടായിരുന്നു. എന്നാൽ യുവന്റസ് പിന്മാറിയതോടു കൂടിയാണ് അത്ലറ്റിക്കോക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമായത്.

അതേസമയം അത്ലറ്റിക്കോയുടെ മറ്റൊരു അർജന്റൈൻ താരമായ നെഹുവേൻ പെരസ് ഈ ഡീലിന്റെ ഭാഗമായേക്കും. അതായത് കഴിഞ്ഞ സീസണിൽ പെരസ് ലോൺ അടിസ്ഥാനത്തിൽ ഉഡിനീസിക്ക് വേണ്ടിയായിരുന്നു കളിച്ചിരുന്നത്.മൊളീനയിൽ അത്ലറ്റിക്കോ സ്വന്തമാക്കുകയാണെങ്കിൽ പെരസിനെ സ്ഥിരമായി നിലനിർത്താൻ ഉഡിനീസിക്ക് കഴിയുമെന്നും ഡി മാർസിയോ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

കഴിഞ്ഞ സീസണിൽ സിരി എയിൽ 35 മത്സരങ്ങൾ കളിക്കാൻ മൊളീനക്ക് കഴിഞ്ഞിട്ടുണ്ട്. അതിൽനിന്ന് 7 ഗോളുകളും 2 അസിസ്റ്റുകളും ഈ റൈറ്റ് ബാക്ക് താരം കരസ്ഥമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *