ഒഫീഷ്യൽ:എംബാക്കെയെ ബാഴ്സ സ്വന്തമാക്കി
സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണ അടുത്ത സീസണിലേക്ക് തങ്ങളുടെ ടീമിനെ കൂടുതൽ ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ്.പരിശീലകനായ ചാവിയെ അവർ പുറത്താക്കിയിട്ടുണ്ട്. പകരം ഇനി ഹാൻസി ഫ്ലിക്കാണ് ബാഴ്സലോണയെ മുന്നോട്ടുകൊണ്ടുപോവുക. കൂടാതെ ട്രാൻസ്ഫർ വിൻഡോയിൽ രണ്ട് സൂപ്പർ താരങ്ങളെ എത്തിക്കാനുള്ള ശ്രമങ്ങൾ അവർ നടത്തുന്നുമുണ്ട്.യൂറോ കപ്പിൽ സ്പെയിനിന് വേണ്ടി മിന്നുന്ന പ്രകടനം നടത്തിയ നിക്കോ വില്യംസ്,ഡാനി ഒൽമോ എന്നിവർക്ക് വേണ്ടിയാണ് ബാഴ്സ ശ്രമങ്ങൾ നടത്തുന്നത്.
ഇതിനിടെ കഴിഞ്ഞ ദിവസം ഒരു താരത്തെ ബാഴ്സലോണ സ്വന്തമാക്കിയിട്ടുണ്ട്. പ്രതിരോധനിരയിലേക്ക് മമദോ എംബാക്കെ ഫാൾ എന്ന താരത്തെയാണ് ബാഴ്സലോണ സ്വന്തമാക്കിയിട്ടുള്ളത്.21കാരനായ താരം സെന്റർ ബാക്ക് പൊസിഷനിലാണ് കളിക്കുന്നത്. കഴിഞ്ഞ സീസണിൽ ബാഴ്സലോണ ബി ടീമിന് വേണ്ടി ലോൺ അടിസ്ഥാനത്തിൽ കളിച്ച താരമാണ് ഇദ്ദേഹം. അമേരിക്കൻ ക്ലബ്ബായ ലോസ് ആഞ്ചലസ് എഫ്സിയുടെ താരമായിരുന്നു എംബാക്കെ ഫാൾ. അവിടെ നിന്നാണ് ബാഴ്സലോണ ആദ്യം ലോണിലും ഇപ്പോൾ സ്ഥിരമായി അദ്ദേഹത്തെ സ്വന്തമാക്കിയിട്ടുള്ളത്.
21 കാരനായ ഈ താരം സെനഗൽ ഇന്റർനാഷണൽ ആണ്.കഴിഞ്ഞ സീസണിൽ ബാഴ്സ ബീക്ക് വേണ്ടി 22 മത്സരങ്ങളാണ് ഫാൾ കളിച്ചിട്ടുള്ളത്.ബാക്കിയുള്ള മത്സരങ്ങൾ അദ്ദേഹത്തിന് പരിക്ക് കാരണം നഷ്ടമാവുകയായിരുന്നു. രണ്ട് ഗോളുകളും ഒരു അസിസ്റ്റും കഴിഞ്ഞ സീസണിൽ താരം സ്വന്തമാക്കിയിട്ടുണ്ട്. നേരത്തെ സ്പാനിഷ് ക്ലബ് ആയ വിയ്യാറയലിന് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.
2026 വരെയുള്ള ഒരു കരാറിലാണ് താരം ഒപ്പു വെച്ചിട്ടുള്ളത്. ഇത്തവണ ബാഴ്സലോണ സീനിയർ ടീമിനോടൊപ്പം അദ്ദേഹം ഉണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. സെന്റർ ബാക്ക് പൊസിഷനിൽ ഉള്ള റൊണാൾഡ് അരൗഹോ ഇപ്പോൾ ഗുരുതരമായ പരിക്കിന്റെ പിടിയിലാണ്. അതുകൊണ്ടുതന്നെ ഈ സീസണിൽ പലപ്പോഴും ഫ്ലിക്കിന് എംബാക്കെയെ ഉപയോഗപ്പെടുത്തേണ്ടി വന്നേക്കും.