ഒടുവിൽ സുവാരസും ബാഴ്സക്ക് പുറത്തേക്ക് !

ആറു വർഷക്കാലം ബാഴ്സയിലെ നിർണായകതാരമായി നിലകൊണ്ട ലൂയിസ് സുവാരസും ഈ ട്രാൻസ്ഫർ ജാലകത്തിൽ പുറത്തേക്കെന്ന് റിപ്പോർട്ടുകൾ. പ്രമുഖസ്പാനിഷ് മാധ്യമമായ മുണ്ടോ ഡീപോർട്ടീവോയാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. ബാഴ്സ ഈ ട്രാൻസ്ഫറിൽ വിൽക്കാൻ ഉദ്ദേശിക്കുന്ന താരങ്ങളുടെ ലിസ്റ്റിൽ ലൂയിസ് സുവാരസിനേയും ബാഴ്സ ഉൾപ്പെടുത്തിയിട്ടുണ്ട്. നാലു താരങ്ങളെ ഒഴികെയുള്ള എല്ലാ താരങ്ങളെയും വിൽക്കാനുള്ള ഒരുക്കത്തിലാണ് ബാഴ്സ എന്നാണ് സ്പോർട്ടും മുണ്ടോ ഡീപോർട്ടീവോയും റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്. താരത്തിന്റെ വയസ്സും മോശം ഫോമുമാണ് താരത്തിന് പുറത്തേക്കുള്ള വഴി തെളിയിക്കുന്നത്. താരത്തിന്റെ കരാറിൽ ഒരു വർഷം മാത്രമാണ് ഇനി അവശേഷിക്കുന്നത്. ഇത് പുതുക്കാൻ ബാഴ്‌സ തയ്യാറായിട്ടില്ല.

എന്നാൽ കരാർ പ്രകാരം അടുത്ത സീസണിലെ 60 ശതമാനം മത്സരങ്ങളിൽ സുവാരസ് കളിച്ചാൽ ഈ കരാർ ഓട്ടോമാറ്റിക്കലി പുതുക്കപ്പെടും. പക്ഷെ ഈ ട്രാൻസ്ഫറിൽ തന്നെ താരത്തെ കൈവിടാനാണ് 8-2 ന്റെ തോൽവിക്ക് പിന്നാലെ ബാഴ്സ എടുത്ത തീരുമാനം. 2014-ൽ ആയിരുന്നു സുവാരസ് ബാഴ്സയിൽ എത്തിയത്. ക്ലബിന്റെ എക്കാലത്തെയും മികച്ച ടോപ് സ്കോറെർമാരിൽ ഒരാളാണ് താരം. അതേസമയം താരത്തെ ക്ലബിൽ എത്തിക്കാൻ മുൻ ക്ലബായ അയാക്സിന് താല്പര്യമുണ്ട് എന്നാണ് വാർത്തകൾ. ഉറുഗ്വൻ മാധ്യമപ്രവർത്തകൻ ആയ എൻസോ ഒലിവേരയാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തത്. നല്ല രീതിയിലുള്ള ഓഫർ ലഭിച്ചാൽ ബാഴ്സ താരത്തെ അയാക്സിന് കൈമാറിയേക്കും. കൂടാതെ എംഎൽഎസ് ക്ലബുകളും ഖത്തർ ക്ലബായ അൽ അറബിയും താരത്തിന് വേണ്ടി രംഗത്തുണ്ട് എന്നും അഭ്യൂഹങ്ങൾ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *