ഒടുവിൽ എഫ്സി ബാഴ്സലോണയും മാപ്പ് പറഞ്ഞു!
ദിവസങ്ങൾക്ക് മുമ്പായിരുന്നു എഫ്സി ബാഴ്സലോണയുടെ താരമായ ഒസ്മാൻ ഡെംബലെ ജാപനീസുകാരെ വംശീയമായി അധിക്ഷേപിക്കുന്ന ഒരു വീഡിയോ പുറത്ത് വന്നത്. സഹതാരമായ അന്റോയിൻ ഗ്രീസ്‌മാൻ ഇത് കേട്ട് ചിരിക്കുന്നതും ഇതിൽ നിന്നും വ്യക്തമായിരുന്നു. ഇത് ഫുട്ബോൾ ലോകത്ത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായതോടെ ഇരുവരും മാപ്പ് പറഞ്ഞിരുന്നു. രണ്ട് വർഷങ്ങൾക്ക് മുമ്പ് ബാഴ്‌സയുടെ പ്രീ സീസൺ ടൂറിനിടക്കായിരുന്നു ഈ സംഭവം അരങ്ങേറിയിരുന്നത്. മാത്രമല്ല ബാഴ്സയുടെ സ്പോൺസർമാരിൽ ഒരാളായ റാകുറ്റെൻ ജാപ്പനീസ് കമ്പനിയാണ്. അത്കൊണ്ട് തന്നെ ബാഴ്സയും വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു. ഇതോടെ ബാഴ്സയും ഇക്കാര്യത്തിൽ മാപ്പ് പറഞ്ഞിട്ടുണ്ട്. ഔദ്യോഗികപ്രസ്താവനയിലൂടെയാണ് ബാഴ്സ മാപ്പ് പറഞ്ഞത്.
They say there is no place for racism or discrimination.https://t.co/YW8wFOOg6y
— MARCA in English (@MARCAinENGLISH) July 8, 2021
അതിന്റെ ചുരുക്കരൂപം ഇങ്ങനെയാണ്. ” ബാഴ്സയുടെ രണ്ട് ഫസ്റ്റ് ടീം പ്ലയെർസ് അടങ്ങുന്ന വീഡിയോ ഈയിടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിട്ടുണ്ട്.അതിൽ ആ രണ്ട് പേരും ജാപ്പനീസ് തൊഴിലാളികളോട് അപമര്യാദയോടെ പെരുമാറിയത് വ്യക്തമാണ്. അതുകൊണ്ട് തന്നെ ഞങ്ങളുടെ ജാപ്പനീസ്, ഏഷ്യൻ ഫാൻസിനും ക്ലബ്ബിന്റെ പാർട്ണർമാർക്കും ബുദ്ധിമുട്ടുണ്ടായതിൽ അതിയായ ഖേദം രേഖപ്പെടുത്തുന്നു.എഫ്സി ബാഴ്സലോണ പ്രതിനിധീകരിക്കുന്ന മൂല്യങ്ങളോട് യോജിക്കാത്ത ഒന്നാണ് ഈ പ്രവർത്തി.ഈ ക്ലബ് എപ്പോഴും വിവേചനങ്ങൾക്ക് എതിരാണ്.ബാഴ്‌സയിൽ വിവേചനങ്ങൾക്കോ വംശീയതക്കോ ഒരു സ്ഥാനവുമില്ല.അത്കൊണ്ട് തന്നെ എഫ്സി ബാഴ്സലോണ പരസ്യമായി മാപ്പ് പറയുന്നു.ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ ബാഴ്സ ഉറപ്പ് വരുത്തുകയും ചെയ്യുന്നതാണ് ” ഇതായിരുന്നു പ്രസ്താവന. ഏതായാലും ഫുട്ബോൾ ലോകത്ത് വിവേചനങ്ങൾക്ക് സ്ഥാനമില്ലെന്ന് തന്നെയാണ് ബാഴ്‌സയും ഇതിലൂടെ വ്യക്തമാക്കുന്നത്.