ഏറ്റവും കൂടുതൽ പിച്ചിച്ചി, ഏറ്റവും കൂടുതൽ അസിസ്റ്റുകൾ, റെക്കോർഡുകൾ വാരിക്കൂട്ടി ലയണൽ മെസ്സി

ഓരോ വർഷം കൂടുംതോറും പുതിയ പുതിയ റെക്കോർഡുകൾ സ്ഥാപിക്കുന്നത് മെസ്സിയെ സംബന്ധിച്ചെടുത്തോളം ഒരു നവ്യാനുഭവല്ല. പൊതുവെ മോശമെന്ന് വിലയിരുത്തപ്പെട്ട ഈ സീസണിലും റെക്കോർഡുകൾ സ്ഥാപിക്കുന്നതിൽ മെസ്സി ഒരു കുറവും വരുത്തിയിട്ടില്ല. ടീം എന്ന നിലക്ക് ബാഴ്സക്ക് പ്രത്യേകിച്ച് ഒന്നും നേടാനായില്ലെങ്കിലും സീസൺ അവസാനിച്ചപ്പോൾ മെസ്സി പതിവ് കഥ തുടർന്നു. ഈ സീസണിൽ ടോപ് സ്കോറെർക്കുള്ള പിച്ചിച്ചി പുരസ്‌കാരം മെസ്സി തന്നെ കൈക്കലാക്കുകയായിരുന്നു. 25 ഗോളുകൾ നേടിയ മെസ്സി ഇത് ഏഴാം തവണയാണ് പിച്ചിച്ചി സ്വന്തം ഷെൽഫിൽ എത്തിക്കുന്നത്. ഏഴ് പിച്ചിച്ചി സ്വന്തമാക്കിയ ചരിത്രത്തിലെ ആദ്യതാരം എന്ന ബഹുമതി ഇനി മെസ്സിക്ക് സ്വന്തമാണ്. സാറ(6), ക്വിനി (5), ഡി സ്‌റ്റെഫാനോ (5), ഹ്യൂഗോ സാഞ്ചസ് (5) എന്നീ ഇതിഹാസങ്ങളാണ് മെസ്സിക്ക് പിറകിൽ ഉള്ളത്. തുടർച്ചയായി നാലാം തവണയാണ് മെസ്സി പിച്ചിച്ചി അവാർഡ് നേടുന്നത്. 1980-കളിൽ ഹ്യൂഗോ സാഞ്ചസ് ഈ നേട്ടം കരസ്ഥമാക്കിയതിന് ശേഷം മെസ്സിയാണ് ഈ നേട്ടം കൈവരിക്കുന്നത്.

അതേസമയം മറ്റൊരു റെക്കോർഡ് കൂടി മെസ്സിക്ക് മുന്നിൽ കടപുഴകിയിരിക്കുകയാണ്. ഇന്നലത്തെ മത്സരത്തിൽ അസിസ്റ്റ് നേടിയതോടെ ഈ ലാലിഗ സീസണിൽ ഇരുപത്തിയൊന്ന് അസിസ്റ്റുകൾ താരം പൂർത്തിയാക്കി. ലാലിഗ ചരിത്രത്തിൽ ഒരു സീസണിൽ ഇരുപത്തിയൊന്ന് അസിസ്റ്റുകൾ പൂർത്തിയാക്കുന്ന ആദ്യതാരമാര് എന്ന ചോദ്യത്തിനുത്തരവും ഇനി മെസ്സി എന്നാണ്. മുൻ ബാഴ്‌സ താരവും തന്റെ സഹതാരവുമായിരുന്ന സാവി ഹെർണാണ്ടസിന്റെ റെക്കോർഡ് ആണ് മെസ്സി തകർത്തത്. 2008/09 സീസണിൽ ഇരുപത് അസിസ്റ്റുകൾ നേടിയതായിരുന്നു സാവിയുടെ നേട്ടം. ഈ സീസണിൽ ആകെ 25 ഗോളുകളും 21 അസിസ്റ്റുകളുമാണ് മെസ്സിയുടെ സമ്പാദ്യം. ഈ സീസണിൽ ടോപ് ഫൈവ് ലീഗുകളിൽ ഏറ്റവും കൂടുതൽ ഗോൾപങ്കാളിത്തം എന്ന നേട്ടവും മെസ്സിക്കാണ്. 46 ഗോളുകളിൽ താരം പങ്കാളിത്തം വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *