എൽ ക്ലാസിക്കോ ടോപ് സ്‌കോറർക്ക് ക്രിസ്റ്റ്യാനോ പോയതോടെ ഗോൾ നേടാൻ കഴിഞ്ഞില്ല, പിന്നീട്ടത് 900 ദിനങ്ങൾ !

ഫുട്ബോൾ ചരിത്രത്തിൽ എൽ ക്ലാസിക്കോയിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമാര് എന്ന ചോദ്യത്തിന് ഒരേയൊരു ഉത്തരമേയൊള്ളൂ. അത്‌ ലയണൽ മെസ്സി എന്നാണ്. ഇരുപത്തിയാറ് തവണയാണ് മെസ്സി എൽ ക്ലാസിക്കോയിൽ വല ചലിപ്പിച്ചിട്ടുള്ളത്. എന്നാൽ മെസ്സിക്ക് ഈ രണ്ടു വർഷമായി ഒരൊറ്റ എൽ ക്ലാസിക്കോയിൽ പോലും ഗോളടിക്കാൻ സാധിച്ചിട്ടില്ല എന്നാണ് കണക്കുകൾ കാണിക്കുന്നത്. കൃത്യമായി പറഞ്ഞാൽ മെസ്സി റയലിനെതിരെ ഗോൾ നേടിയിട്ടിപ്പോൾ 900 ദിനങ്ങൾ പിന്നിട്ടു കഴിഞ്ഞു. മറ്റൊരു തരത്തിൽ പറഞ്ഞാൽ തന്റെ ചിരവൈരിയായ ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡ്‌ വിട്ടതിന് ശേഷം റയലിനെതിരെ ഒരു ഗോൾ പോലും നേടാൻ മെസ്സിക്ക് സാധിച്ചിട്ടില്ല എന്നതാണ് യാഥാർഥ്യം. മെസ്സി അവസാനമായി എൽ ക്ലാസിക്കോയിൽ ഗോൾ നേടിയത് 2018-ലാണ്. ആ വർഷം മെയ് ആറാം തിയ്യതി നടന്ന മത്സരത്തിലാണ് മെസ്സി അവസാനമായി റയലിന്റെ വലചലിപ്പിച്ചത്.

അതിന് ശേഷം ആറു എൽ ക്ലാസിക്കോ മത്സരങ്ങളാണ് ഇതുവരെ നടന്നിട്ടുള്ളത്. ഇതിൽ അഞ്ചെണ്ണത്തിൽ മെസ്സിക്ക് കളിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഈ അഞ്ച് മത്സരങ്ങളിൽ ഒന്നിൽ പോലും ഗോളടിക്കാൻ മെസ്സിക്ക് കഴിഞ്ഞിട്ടില്ല. കൃത്യമായ കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ മെസ്സി കളിച്ചത് 440 മിനുട്ടുകളാണ്. ഈ സമയത്ത് റയൽ വലകുലുക്കാൻ മെസ്സിക്ക് സാധിച്ചിട്ടില്ല. മെസ്സി ഇന്ന് ആ ഗോൾക്ഷാമത്തിന് വിരാമമിടുമോ എന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്. റയലിനെതിരെ ഗോളടിക്കുക എന്നുള്ളത് മെസ്സിക്ക് ബുദ്ധിമുട്ടുള്ള കാര്യമല്ല എന്നത് ഇരുപത്തിയാറ് തവണ തെളിയിച്ചതാണ്. പക്ഷെ ഈയിടെയായി മെസ്സിയുടെ ഗോളടി മികവ് അല്പം കുറഞ്ഞിട്ടുണ്ട്. എന്നാൽ വിമർശകരുടെ വായടപ്പിക്കാൻ മെസ്സിക്ക് ഇന്ന് സ്വന്തം മൈതാനത്ത് കഴിയുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *