എൽ ക്ലാസിക്കോ ആവേശം, റയലിന് മറുപടി നൽകി എഫ്സി ബാഴ്സലോണ !

ലാലിഗയിൽ അടുത്ത എൽ ക്ലാസിക്കോ നടക്കാൻ പോവുന്നത് ഏപ്രിൽ പതിനൊന്നാം തിയ്യതിയാണ്. ഈ സീസണിലെ ആദ്യ എൽ ക്ലാസിക്കോയിൽ റയൽ മാഡ്രിഡ്‌ വിജയം നേടിയിരുന്നു. ഒരുപക്ഷെ സ്പാനിഷ് സൂപ്പർ കപ്പിന്റെ ഫൈനലിൽ ഒരു എൽ ക്ലാസിക്കോ കൂടി നടക്കാൻ സാധ്യതകളുണ്ട്. ഏതായാലും സാമൂഹികമാധ്യമങ്ങളിൽ ഇപ്പോൾ തന്നെ എൽ ക്ലാസിക്കോ ആവേശവുമായി രംഗത്ത് വന്നിരിക്കുകയാണ് റയൽ മാഡ്രിഡും എഫ്സി ബാഴ്സലോണയും റയൽ മാഡ്രിഡിന്റെ ട്വീറ്റിന് മറുപടിയായി കൊണ്ടാണ് ഇക്കാര്യങ്ങളെ കുറിച്ച് ഇരു ക്ലബുകളും തമ്മിൽ സംസാരിച്ചത്. പുതിയ വർഷത്തെ കുറിച്ചുള്ള പ്രതീക്ഷകളും പ്രത്യാശകളുമാണ് ഇരു ക്ലബുകളും പങ്കുവെച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷത്തെ അവസാനത്തെ ട്രെയിനിങ് സെഷൻ വീഡിയോ പങ്കുവെച്ചു കൊണ്ട് റയൽ മാഡ്രിഡ്‌ “ഹാപ്പി 2021″ എന്ന് കുറിക്കുകയായിരുന്നു. എന്നാൽ ഈ ട്വീറ്റിന് മറുപടിയുമായി എഫ്സി ബാഴ്സലോണ രംഗത്ത് വന്നു. ” 2021 ന് എല്ലാവിധ ആശംസകളും നേരുന്നു. നമ്മുടെ ആരാധകർക്ക്‌ ഒരിക്കൽ കൂടി ഫുട്ബോൾ അടുത്ത് നിന്ന് ആസ്വദിക്കാൻ കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു ” ഇതാണ് ബാഴ്സ മറുപടിയായി കുറിച്ചത്. പിന്നാലെ റയൽ മാഡ്രിഡ്‌ ഇതിന് മറുപടി നൽകുകയും ചെയ്തു. ” എല്ലാവർക്കും പുതുവത്സരാശംസകൾ നേരുന്നു. ഒരു ക്ലാസ്സിക്കോ ആരാധകരുടെ മുമ്പിൽ വെച്ചാണ് നടക്കുന്നതെങ്കിൽ കൂടുതൽ ക്ലാസ്സിക്ക് ആയി മാറും ” എന്നാണ് റയൽ മാഡ്രിഡ്‌ മറുപടിയായി കുറിച്ചത്. ഏതായാലും ഇത് ഇരു ക്ലബുകളുടെയും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *