എന്നെയും മെസ്സിയെയും വേർപ്പിരിച്ച രീതിയായിരുന്നു വേദനാജനകം : സുവാരസ് പറയുന്നു!
2020-ലെ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം ലൂയിസ് സുവാരസിന് എഫ്സി ബാഴ്സലോണ വിടേണ്ടിവന്നത്. ബാഴ്സയുടെ അന്നത്തെ പരിശീലകനായ കൂമാൻ താരത്തോട് ക്ലബ്ബ് വിടാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് അത്ലറ്റിക്കോയിൽ എത്തിയ താരം അവർക്കൊപ്പം ലാലിഗ കിരീടം നേടുകയും ചെയ്തിരുന്നു.നിലവിൽ പുതിയ ക്ലബ്ബിനു വേണ്ടിയുള്ള അന്വേഷണത്തിലാണ് സുവാരസുള്ളത്.
ഏതായാലും അന്ന് ബാഴ്സ വിടേണ്ടിവന്ന സാഹചര്യങ്ങളെ കുറിച്ച് സുവാരസ് ഒരിക്കൽ കൂടി സംസാരിച്ചിട്ടുണ്ട്. അതായത് തന്നേയും മെസ്സിയെയും വേർപിരിച്ച രീതിയായിരുന്നു ഏറെ വേദനാജനകമാണ് സുവാരസ് പറഞ്ഞിട്ടുള്ളത്. ഒരു കാരണവുമില്ലാതെയാണ് തന്നെ ബാഴ്സ പുറത്താക്കിയതെന്നും താരം കൂട്ടിച്ചേർത്തിട്ടുണ്ട്.സുവാരസിന്റെ വാക്കുകളെ ESPN അർജന്റീന റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Luis Suarez Recalls Emotions of Leaving Lionel Messi, Barcelona in 2020 https://t.co/fZu0MSsA7K
— PSG Talk (@PSGTalk) July 8, 2022
” ബാഴ്സയിലെ മെസ്സിയുടെ നമ്പറുകൾ,അത് എന്റേതും കൂടിയാണ്.20-25 ഗോളുകൾക്ക് താഴെ ഞാൻ പോവാറില്ലായിരുന്നു. എന്നിട്ടും അവർ എന്നെയും മെസ്സിയെയും വേർപിരിച്ചു. ഒരു കാരണവും കൂടാതെയാണ് ഞങ്ങളെ വേർപിരിച്ചത്. ഈ രീതി ആ നിമിഷത്തിൽ വളരെയധികം വേദനാജനകമായിരുന്നു. നമ്മൾ മാറി നിൽക്കേണ്ട ഒരു കാരണമുണ്ടായിരുന്നെങ്കിൽ അതൊരു പ്രശ്നമാവില്ലായിരുന്നു. ഇതിനുപുറമേ മെസ്സിക്ക് ബാഴ്സ വിടേണ്ടി വന്ന രീതിയും എന്നെ ഏറെ വേദനിപ്പിച്ചിട്ടുണ്ട്. ഫുട്ബോളിൽ നിങ്ങൾ ഇത്തരം ഘട്ടങ്ങളിലൂടെയൊക്കെ കടന്നു പോകേണ്ടി വന്നേക്കും. നിങ്ങൾ എവിടെയാണോ കളിക്കുന്നത് അവിടെ ആസ്വദിക്കാനാണ് ശ്രമിക്കേണ്ടത് ” ഇതാണ് ലൂയിസ് സുവാരസ് പറഞ്ഞിട്ടുള്ളത്.
നിലവിൽ സുവാരസ് ഫ്രീ ഏജന്റാണ്.ആസ്റ്റൻ വില്ല,സെവിയ്യ,വിയ്യാറയൽ,റിവർപ്ലേറ്റ് എന്നിവരൊക്കെ താരത്തിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു.എന്നാൽ താരം എങ്ങോട്ട് പോകുമെന്നുള്ളത് ഇപ്പോഴും അവ്യക്തമായ കാര്യമാണ്.