എന്ത് ചെയ്യണമെന്നറിയില്ല, കൂമാന്റെ തീരുമാനത്തിൽ സുവാരസ് അസ്വസ്ഥൻ !

സൂപ്പർ താരം ലൂയിസ് സുവാരസിന് ഇനി ബാഴ്സ ടീമിൽ ഇടമുണ്ടാവില്ലെന്ന് കഴിഞ്ഞ ദിവസം പുറത്ത് വിട്ടത് പ്രമുഖമീഡിയകൾ ആയിരുന്നു. താരത്തെ ഫോണിൽ നേരിട്ട് വിളിച്ചു ബന്ധപ്പെട്ട പരിശീലകൻ കൂമാൻ തന്റെ പദ്ധതികളിൽ സുവാരസിന് സ്ഥാനമില്ലെന്നും ക്ലബ് വിടേണ്ടി വരുമെന്നും അറിയിച്ചിരുന്നു. ഏകദേശം ഒരു മിനുട്ട് മാത്രം സംസാരിച്ച കൂമാൻ ഇത് നേരിട്ട് തന്നെ അറിയിക്കുകയായിരുന്നു. എന്നാൽ കൂമാന്റെ ഈ തീരുമാനത്തിൽ ലൂയിസ് സുവാരസ് വളരെയധികം അസ്വസ്ഥനാണ് എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടികാണിക്കുന്നത്. ബാഴ്സ വിടാൻ താല്പര്യമില്ലാത്ത താരത്തിന് എങ്ങനെയെങ്കിലും ബാഴ്സയിൽ പിടിച്ചു നിൽക്കണം എന്നാണ് ആഗ്രഹം. പക്ഷെ ക്ലബിന്റെ നിലപാട് അനുസരിച്ചിപ്പോൾ സുവാരസ് മറ്റൊരു തട്ടകം തേടേണ്ട അവസ്ഥയാണ്. മാത്രമല്ല ക്ലബിന്റെ തീരുമാനത്തിൽ സുവാരസിന് അത്ഭുതം തോന്നിയെന്നും ഈ സീസണിൽ നിറംമങ്ങാൻ കാരണം ഇഞ്ചുറികളാണെന്നും വരും സീസണിൽ ബാഴ്സക്ക് വേണ്ടി മികച്ച രീതിയിൽ കളിക്കാൻ തനിക്കാവുമെന്നും സുവാരസ് പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.

കൂമാൻ തന്റെ തീരുമാനം അറിയിക്കുന്നതിന്റെ മുമ്പ് ലൂയിസ് സുവാരസ് ക്ലബിനെതിരെ രംഗത്ത് വന്നിരുന്നു. താൻ ക്ലബ് വിടുന്ന കാര്യം തന്നെ നേരിട്ട് അറിയിക്കേണ്ട ഒന്നാണെന്നും അല്ലാതെ മാധ്യമങ്ങളിലൂടെ അറിയേണ്ട ഒന്നല്ല എന്നുമായിരുന്നു സുവാരസ് പറഞ്ഞത്. ഇതിന് ശേഷം പകരക്കാരന്റെ റോളിൽ ആണെങ്കിലും ക്ലബിൽ തുടരാൻ താൻ സന്നദ്ധനാണെന്നും ബാഴ്സക്ക് വേണ്ടി കഴിയുന്നത് എല്ലാം ചെയ്യുമെന്നും സുവാരസ് അറിയിച്ചിരുന്നു. പക്ഷെ കൂമാൻ ടീം വിടാൻ പറഞ്ഞത് സുവാരസിന് ഞെട്ടലുണ്ടാക്കിയതായും തികച്ചും അപ്രതീക്ഷിതമായിരുന്നുവെന്നും റിപ്പോർട്ടുകൾ പറയപ്പെടുന്നുണ്ട്. സൺ ആണ് ഈ വാർത്ത ആരാധകരിലേക്ക് എത്തിച്ചു നൽകിയത്. അതേ സമയം തന്റെ ഭാവി എന്തെന്ന് സുവാരസ് ഇതുവരെ തീരുമാനിച്ചിട്ടില്ല. അയാക്സ് ഓഫറുമായി ബാഴ്‌സയെ സമീപിച്ചുവെങ്കിലും താരം അത്‌ തള്ളികളഞ്ഞിട്ടുണ്ട്. കൂടാതെ പിഎസ്ജി, ഇന്റർമിയാമി ഒക്കെ രംഗത്തുണ്ട്. അതേ സമയം സൂപ്പർ താരം മെസ്സി ക്ലബ് വിടുന്നതിനെ പിന്തുണച്ച് കൊണ്ടുള്ള പുയോളിന്റെ ട്വീറ്റിൽ സുവാരസ് കയ്യടിച്ചത് വലിയ ചർച്ചയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *