എന്ത്കൊണ്ട് റാമോസ് റയൽ വിട്ടു? റിപ്പോർട്ട്‌!

ഇതിഹാസനായകൻ സെർജിയോ റാമോസ് ഇനി റയൽ ജേഴ്സിയിൽ ഇല്ല എന്നുള്ള കാര്യം പലർക്കും വിശ്വസിക്കാൻ കഴിയാത്ത ഒന്നായിരുന്നു. റാമോസ് റയൽ വിട്ടു കൊണ്ട് മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറുമെന്നുള്ളത് ഫുട്ബോൾ ലോകം ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു. പക്ഷേ കഠിനമാണെങ്കിലും റയൽ വിടാനുള്ള തീരുമാനം റാമോസ് തന്നെ കൈക്കൊള്ളുകയായിരുന്നു.എന്ത്കൊണ്ടാണ് റാമോസ് റയൽ വിട്ടത് എന്നതിനെ പറ്റി സ്പാനിഷ് മാധ്യമമായ മാർക്ക ഒരു റിപ്പോർട്ട്‌ പുറത്ത് വിട്ടിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ റയൽ പ്രസിഡന്റ് ഫ്ലോറെന്റിനോ പെരെസുമായുള്ള ബന്ധത്തിൽ വിള്ളലേറ്റതാണ് ഇതിന് പ്രധാനകാരണമായി മാർക്ക ചൂണ്ടികാണിക്കുന്നത്.

കഴിഞ്ഞ ജനുവരിയിൽ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ടു കൊണ്ട് റാമോസും പെരെസും തമ്മിൽ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.തനിക്ക് ഇനിയും കുറച്ചു വർഷങ്ങൾ കൂടി മികച്ച രൂപത്തിൽ കളിക്കാൻ കഴിയുമെന്ന് റാമോസ് സ്വയം വിശ്വസിച്ചിരുന്നു. അത്കൊണ്ട് തന്നെ രണ്ടോ അതിലധികമോ വർഷത്തിന്റെ കരാറായിരുന്നു റാമോസ് ആവിശ്യപ്പെട്ടിരുന്നത്.എന്നാൽ പെരെസ് അക്കാര്യത്തിൽ ഉറപ്പ് നൽകിയില്ല.കഴിഞ്ഞ സീസണിൽ സ്‌ക്വാഡിന്റെ സാലറി കുറക്കാനുള്ള ശ്രമം പേരെസ് നടത്തിയിരുന്നു. അന്ന് അത്‌ നിരസിച്ച താരങ്ങളിൽ ഒരാൾ റാമോസായിരുന്നു.ഇതോടെ ഇരുവരും തമ്മിലുള്ള നല്ല ബന്ധത്തിന് കോട്ടം തട്ടുകയായിരുന്നു.

പിന്നീടും റാമോസും റയലും തമ്മിൽ ചർച്ചകൾ നടന്നിരുന്നുവെങ്കിലും ഒരു വർഷത്തെ കരാർ മാത്രമാണ് പെരെസ് ഓഫർ ചെയ്തത്. എന്നാൽ താൻ കൂടുതൽ അർഹിക്കുന്നുവെന്ന് വിശ്വസിച്ച റാമോസ് റയൽ വിടാൻ തീരുമാനിക്കുകയായിരുന്നു.എന്തൊക്കെയായാലും താൻ റയലിലേക്ക് തന്നെ തിരിച്ചെത്തുമെന്ന് റാമോസ് വിടവാങ്ങൽ ചടങ്ങിൽ ഉറപ്പ് നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *