എന്താണ് ഫ്ലിക്കിന്റെ ബാഴ്സയെ വ്യത്യസ്തമാക്കുന്നത്?യമാൽ പറയുന്നു!
കഴിഞ്ഞ സീസണിൽ എഫ്സി ബാഴ്സലോണയെ പരിശീലിപ്പിച്ച ചാവിയാണ് യുവ പ്രതിഭയായ ലാമിൻ യമാലിന് അവസരങ്ങൾ നൽകിത്തുടങ്ങിയത്.എന്നാൽ ക്ലബ്ബിന്റെ മോശം പ്രകടനത്തെ തുടർന്ന് ചാവിയെ ബാഴ്സ പുറത്താക്കുകയായിരുന്നു. നിലവിൽ ഫ്ലിക്കിന് കീഴിൽ ഗംഭീര പ്രകടനമാണ് ബാഴ്സ നടത്തുന്നത്.അതിന് ചുക്കാൻ പിടിക്കുന്നത് ലാമിൻ യമാൽ തന്നെയാണ്.ഈ ലാലിഗയിൽ 5 മത്സരങ്ങളിൽ നിന്നായി 7 ഗോൾ പങ്കാളിത്തങ്ങൾ അദ്ദേഹം വഹിച്ചു കഴിഞ്ഞു.
ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ബാഴ്സലോണ ജിറോണയെ പരാജയപ്പെടുത്തിയിട്ടുള്ളത്. മത്സരത്തിൽ ഇരട്ട ഗോളുകൾ നേടി കൊണ്ട് തിളങ്ങിയിട്ടുള്ളത് ലാമിൻ യമാൽ തന്നെയാണ്. മത്സരശേഷം ഫ്ലിക്കിന്റെ ബാഴ്സയെ വ്യത്യസ്തമാക്കുന്നത് എന്താണ് എന്നതിനെക്കുറിച്ച് യമാൽ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. നേരെ പോയി ഗോൾ അടിക്കുക എന്നതാണ് ഫ്ലിക്കിന്റെ ശൈലി എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.യമാലിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഇന്റർനാഷണൽ ബ്രേക്കിൽ നിന്നും തിരികെയെത്തി കളിക്കുക എന്നുള്ളത് എപ്പോഴും ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. പക്ഷേ ഇന്നത്തെ മത്സരത്തിൽ ഞങ്ങൾ മികച്ചതായിരുന്നു. ഞങ്ങൾ ഇപ്പോൾ തന്നെ അടുത്ത മത്സരത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങി. ഇവിടുത്തെ പ്രധാനപ്പെട്ട വ്യത്യാസം എന്തെന്നാൽ ഡയറക്ട് ആണ് എന്നുള്ളതാണ്. ഞങ്ങൾ റിക്കവർ ആയി കഴിഞ്ഞാൽ ഗോളുകൾ നേടുന്നതിനെ കുറിച്ച് മാത്രമാണ് ചിന്തിക്കുക ” ഇതാണ് 17 കാരനായ താരം പറഞ്ഞിട്ടുള്ളത്.
ഫ്ലിക്കിന് കീഴിൽ മനോഹരമായ അറ്റാക്കിങ് ഫുട്ബോളാണ് ഇപ്പോൾ ബാഴ്സലോണ കളിച്ചുകൊണ്ടിരിക്കുന്നത്.കൂടുതൽ ഗോളുകൾ നേടാൻ അവർക്ക് സാധിക്കുന്നു.5 മത്സരങ്ങളിൽ അഞ്ചിലും വിജയിച്ച അവർ 17 ഗോളുകൾ സ്വന്തമാക്കിയിട്ടുണ്ട്.യമാൽ 3 ഗോളുകളും 4 അസിസ്റ്റുകളുമാണ് സ്വന്തമാക്കിയിട്ടുള്ളത്. അതിവേഗം ഗോളുകൾ നേടുന്നതിന് പ്രാധാന്യം നൽകുന്നു എന്നുള്ളത് തന്നെയാണ് ഫ്ലിക്കിനെ ചാവിയിൽ നിന്നും വ്യത്യസ്തനാക്കുന്നത്.