എന്താണ് ആഞ്ചലോട്ടിയെ വ്യത്യസ്തനാക്കുന്നത്? കോർട്ടുവ പറയുന്നു!
കാർലോ ആഞ്ചലോട്ടിക്ക് കീഴിൽ അസാധാരണമായ പ്രകടനമാണ് റയൽ മാഡ്രിഡ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗ് കിരീടവും ലാലിഗ കിരീടവും റയൽ മാഡ്രിഡ് സ്വന്തമാക്കിയിരുന്നു.പല സുപ്രധാന താരങ്ങൾ ക്ലബ്ബ് വിട്ടിട്ടും, ഡിഫൻസിലെ പല താരങ്ങളും പരിക്കിന്റെ പിടിയിലായിട്ടും റയലിനെ വളരെ മികച്ച രീതിയിൽ മുന്നോട്ടു നയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഓരോ താരങ്ങളെയും കൃത്യമായി ഉപയോഗപ്പെടുത്തുന്നതിൽ ആഞ്ചലോട്ടി വിജയിക്കുകയായിരുന്നു എന്ന് പറയാം.റയലിന്റെ ഈ മികവിന് പിന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട ഘടകം ആഞ്ചലോട്ടി എന്ന പരിശീലകൻ തന്നെയാണ്.
എന്താണ് അദ്ദേഹത്തെ മറ്റുള്ള പരിശീലകനിൽ നിന്നും വ്യത്യസ്തനാക്കുന്നത്. റയൽ മാഡ്രിഡിന്റെ ഗോൾകീപ്പറായ തിബൌട് കോർട്ടുവ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.ടാക്റ്റിക്സുകൾ കൊണ്ട് താരങ്ങളെ തളച്ചിടില്ലെന്നും മറിച്ച് എല്ലാവർക്കും വേണ്ടത്ര ഫ്രീഡം നൽകും എന്നുമാണ് കോർട്ടുവ പറഞ്ഞിട്ടുള്ളത്. താരത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
” വളരെ മികച്ച വ്യക്തിയും മികച്ച ഒരു പരിശീലകനുമാണ് ആഞ്ചലോട്ടി. അദ്ദേഹം ആഗ്രഹിക്കുന്ന ടാക്റ്റിക്സിനിടയിലും താരങ്ങൾ ആഗ്രഹിക്കുന്ന ഫ്രീഡത്തിനിടയിലും ഒരു ശരിയായ ബാലൻസ് കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിക്കാറുണ്ട്.അങ്ങനെ ടാക്റ്റിക്സിന് വലിയ പ്രാധാന്യം ഒന്നും അദ്ദേഹം നൽകാറില്ല. മറിച്ച് താരങ്ങൾക്ക് വേണ്ടത്ര ഫ്രീഡം അദ്ദേഹം നൽകും.വിനീഷ്യസ്,മോഡ്രിച്ച്,റോഡ്രി ഗോ എന്നിവർക്കൊക്കെ ഈ ഫ്രീഡം ലഭിക്കാറുണ്ട്.അവരുടെ നാച്ചുറൽ ജീനിയസ് ഉപയോഗപ്പെടുത്താൻ അദ്ദേഹത്തിന് സാധിക്കും.ടാക്റ്റിക്സ് കൊണ്ട് അവരെ തളച്ചിടില്ല. ഡ്രസ്സിംഗ് റൂമിനെയും ട്രെയിനിങ് സെഷനെയും വളരെ നല്ല രൂപത്തിൽ മാനേജ് ചെയ്യാൻ അദ്ദേഹത്തിന് സാധിക്കുന്നു.ഞങ്ങൾ ഒരുപാട് വർക്ക് ചെയ്യും. അതുപോലെതന്നെ ഒരുപാട് ചിരിക്കുകയും ചെയ്യും.ഫുട്ബോൾ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച പരിശീലകരിൽ ഒരാളാണ് അദ്ദേഹം. ഞങ്ങളുടെ ഹാർഡ് വർക്കിനുള്ള റിവാർഡുകൾ ഞങ്ങൾക്ക് ലഭിക്കാറുമുണ്ട് “ഇതാണ് റയൽ മാഡ്രിഡ് ഗോൾകീപ്പർ പറഞ്ഞിട്ടുള്ളത്.
യുവേഫ സൂപ്പർ കപ്പ് ഫൈനലിന് വേണ്ടിയുള്ള ഒരുക്കത്തിലാണ് റയൽ മാഡ്രിഡ് ഇപ്പോൾ ഉള്ളത്. ഇറ്റാലിയൻ കരുത്തരായ അറ്റലാന്റയാണ് റയലിന്റെ എതിരാളികൾ.വരുന്ന ബുധനാഴ്ച അർദ്ധരാത്രി ഇന്ത്യൻ സമയം 12:30നാണ് മത്സരം നടക്കുക.