എനിക്ക് ബാഴ്സയുടെ ഇതിഹാസമാകണം, മെസ്സിയുടെ പത്താം നമ്പറും വേണം:യമാൽ

കേവലം 16 വയസ്സ് മാത്രമുള്ള ലാമിനെ യമാൽ ഇന്ന് ഫുട്ബോൾ ലോകത്ത് അമ്പരപ്പിച്ചു കൊണ്ടിരിക്കുകയാണ്.ലാ മാസിയയിലൂടെ വളർന്നുവന്ന താരം ബാഴ്സലോണയുടെ സീനിയർ ടീമിന് വേണ്ടി തകർപ്പൻ പ്രകടനമാണ് നടത്തുന്നത്. സ്പാനിഷ് ലീഗിൽ ആകെ 7 ഗോൾ പങ്കാളിത്തങ്ങൾ അദ്ദേഹം വഹിച്ചു കഴിഞ്ഞു. കഴിഞ്ഞ ബ്രസീലിനെതിരെയുള്ള മത്സരത്തിൽ താരം നടത്തിയ പ്രകടനം ഏറെ പ്രശംസകൾക്ക് പാത്രമായിരുന്നു.

പ്രമുഖ സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപോർട്ടിവോക്ക് നൽകിയ അഭിമുഖത്തിൽ ഒരുപാട് കാര്യങ്ങളെക്കുറിച്ച് യമാൽ സംസാരിച്ചിരുന്നു. ഒരുപാട് കാലം ക്ലബ്ബിൽ തുടർന്നുകൊണ്ട് ഒരു ഇതിഹാസമായി മാറാൻ തനിക്ക് ആഗ്രഹമുണ്ട് എന്നത് യമാൽ പറഞ്ഞിട്ടുണ്ട്. ബാഴ്സയുടെ പത്താം നമ്പർ ജേഴ്സി അണിയാനുള്ള ആഗ്രഹവും ഇദ്ദേഹം പങ്കുവെച്ചു.യമാലിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“എനിക്ക് ബാഴ്സ ആരാധകരോട് പറയാനുള്ളത്, എന്റെ കാര്യത്തിൽ യാതൊരുവിധ ആശങ്കകളും വേണ്ട.ചാവി,ഇനിയേസ്റ്റ,മെസ്സി,പുയോൾ എന്നിവരെപ്പോലെ ഒരുപാട് കാലം ഇവിടെ തുടർന്നുകൊണ്ട് ഒരു ഇതിഹാസമായി മാറാനാണ് ഞാൻ ആഗ്രഹിക്കുന്നത്.ബാഴ്സക്ക് എനിക്ക് വേണ്ടി വന്ന വലിയ ഓഫർ നിരസിച്ചതിൽ ഞാൻ ഹാപ്പിയാണ്. കാരണം ഇവിടെ മാത്രമാണ് ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.അൻസു ഫാറ്റി ബാഴ്സയിൽ തുടരാതിരിക്കുകയും ക്ലബ് എനിക്ക് പത്താം നമ്പർ ഓഫർ ചെയ്യുകയും ചെയ്താൽ അത് എന്നെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ ഒരു മുഹൂർത്തമായിരിക്കും. ബാഴ്സയുടെ പത്താം നമ്പർ അണിയുക എന്നത് കുട്ടിക്കാലം തൊട്ടേയുള്ള ആഗ്രഹമാണ്. ബാഴ്സയുടെ പത്താം നമ്പർ ജേഴ്സിയോട് ലോകത്തുള്ള ആരും തന്നെ നോ പറയില്ല. പക്ഷേ ഇതെല്ലാം ക്ലബ് തീരുമാനിക്കേണ്ട കാര്യമാണ് “ഇതാണ് യമാൽ പറഞ്ഞിട്ടുള്ളത്.

18 വയസ്സ് പൂർത്തിയായാൽ 2030 വരെയുള്ള കരാറിൽ ഒപ്പ് വെക്കും എന്നുള്ള ഒരു സൂചന താരം നൽകിയിട്ടുണ്ട്. താരത്തെ സ്വന്തമാക്കാൻ വേണ്ടി പിഎസ്ജിയായിരുന്നു 200 മില്യൺ യൂറോ ഓഫർ ചെയ്തിരുന്നത്. എന്നാൽ അത് തങ്ങൾ നിരസിച്ചുവെന്ന് ബാഴ്സ പ്രസിഡന്റ് തന്നെ അറിയിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *