എങ്ങോട്ടുമില്ല, സാലറി കുറച്ചു കൊണ്ട് കരാർ പുതുക്കി മോഡ്രിച്ച് !

അഭ്യൂഹങ്ങളെ അസ്ഥാനത്താക്കി കൊണ്ട് ലുക്കാ മോഡ്രിച്ച് റയൽ മാഡ്രിഡുമായി കരാർ പുതുക്കി. ഒരു വർഷത്തേക്ക് കൂടിയാണ് മുപ്പത്തിയഞ്ചുകാരനായ മോഡ്രിച്ച് റയലുമായി കരാർ പുതുക്കിയത്. 2021 ജൂണിൽ താരത്തിന്റെ കരാർ അവസാനിക്കാനിരിക്കുകയായിരുന്നു. എന്നാൽ റയൽ കരാർ പുതുക്കുമോ എന്നുള്ളത് സംശയത്തിലായിരുന്നു. മാത്രമല്ല എംഎൽഎസ്സിൽ നിന്നും ഖത്തറിൽ നിന്നും താരത്തിന് ഓഫറുകൾ വന്നിരുന്നു. എന്നാൽ റയൽ മാഡ്രിഡിൽ തന്നെ തുടരണമെന്ന് മോഡ്രിച്ച് തുറന്നു പറഞ്ഞിരുന്നു. ക്ലബ്ബിനെ സാമ്പത്തികമായി സഹായിക്കാൻ വേണ്ടി സാലറി കുറക്കാൻ താൻ സന്നദ്ധനാണെന്നും മോഡ്രിച്ച് അറിയിച്ചിരുന്നു. പിന്നാലെ റയൽ മാഡ്രിഡ്‌ താരത്തിന്റെ കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടിയാത്. താരം സാലറി കുറച്ചതായാണ് സ്പാനിഷ് മാധ്യമമായ മാർക്ക റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. ഇതുപ്രകാരം 2022 ജൂൺ 30 വരെ ഈ ക്രോയേഷ്യൻ താരം റയൽ മാഡ്രിഡിൽ ഉണ്ടാവും. ഇതോടെ റയലിൽ പത്ത് വർഷം പൂർത്തിയാക്കാൻ മോഡ്രിച്ചിന് സാധിച്ചേക്കും. 2012-ലായിരുന്നു താരം ടോട്ടെൻഹാമിൽ റയലിൽ എത്തിയത്.

റയൽ മാഡ്രിഡിനോടൊപ്പം നാലു ചാമ്പ്യൻസ് ലീഗും രണ്ട് ലാലിഗയും നേടാൻ മോഡ്രിച്ചിന് കഴിഞ്ഞിട്ടുണ്ട്. കൂടാതെ ഒരു ബാലൺ ഡിയോറും താരം സ്വന്തമാക്കി. മുപ്പത്തിയഞ്ചുകാരനായ താരം ഈ സീസണിലും മിന്നും പ്രകടനമായിരുന്നു കാഴ്ച്ചവെച്ചിരുന്നത്. താരത്തിന്റെ പരിചയസമ്പത്തും നേതൃത്വപാടവവും റയലിനെ ഏറെ ഗുണം ചെയ്യുന്നുണ്ട്. അത്കൊണ്ട് തന്നെ താരത്തെ കൈവിടാൻ റയൽ തയ്യാറല്ലായിരുന്നു. അടുത്ത വർഷം നടക്കുന്ന യൂറോ കപ്പിലും തൊട്ടടുത്ത വർഷം നടക്കുന്ന വേൾഡ് കപ്പിലും ക്രോയേഷ്യയുടെ പ്രതീക്ഷകൾ മോഡ്രിച്ചിൽ തന്നെയാണ്. താരം ഇരു ടൂർണമെന്റുകളിലും ഉണ്ടാവുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *