എങ്ങോട്ടുമില്ല, ഗ്രീസ്‌മാൻ ബാഴ്സയിൽ തന്നെ തുടർന്നേക്കും !

സൂപ്പർ താരം ലയണൽ മെസ്സി ബാഴ്സയിൽ തന്നെ തുടരാൻ തീരുമാനിച്ചത് ഗ്രീസ്‌മാന്റെ ഭാവി അവതാളത്തിലാക്കുമെന്ന് പ്രമുഖ മാധ്യമങ്ങൾ കണ്ടെത്തിയിരുന്നു. മെസ്സിയുടെ സ്ഥാനം ഗ്രീസ്‌മാന്‌ കൂമാൻ വാഗ്ദാനം നൽകിയിരുന്നുവെന്നും എന്നാൽ മെസ്സിയുടെ തുടരലോടെ പദ്ധതികൾ എല്ലാം തന്നെ താളം തെറ്റി എന്നുമായിരുന്നു കണ്ടെത്തൽ. കൂടാതെ ഗ്രീസ്‌മാൻ ബാഴ്സ വിടുന്നത് ആലോചിക്കുന്നുണ്ടെന്നും അത്‌ പരിഗണിക്കുമെന്നും വാർത്തകൾ വന്നതിന് പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡ്, ആഴ്സണൽ, ലിവർപൂൾ എന്നിവർ താരത്തിന്റെ ലഭ്യത അന്വേഷിച്ചു കൊണ്ട് ബാഴ്സയെ സമീപിച്ചിരുന്നു. എന്നാൽ ഈ വാർത്തകളെയെല്ലാം അസ്ഥാനത്താക്കി കൊണ്ട് സൂപ്പർ താരം ബാഴ്സയിൽ തന്നെ തുടരാൻ തീരുമാനിച്ചിരിക്കുകയാണ്. ബാഴ്സ വിടാൻ ഗ്രീസ്‌മാന് ഒരുദ്ദേശവുമില്ലെന്ന് പ്രമുഖമാധ്യമമായ സ്പോർട്ട് റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.

ഗ്രീസ്‌മാൻ ബാഴ്‌സയിൽ തന്നെ തുടരാൻ തീരുമാനിച്ചതിന് പിന്നിൽ പ്രാധാനമായും രണ്ട് കാരണങ്ങളാണ് ഉള്ളത്. ഒന്നാമതായി പരിശീലകൻ റൊണാൾഡ് കൂമാൻ തന്നെയാണ്. താരത്തിനെ ഫലപ്രദമായി ഉപയോഗിക്കുമെന്ന് കൂമാൻ മുമ്പ് തന്നെ വ്യക്തമാക്കിയിരുന്നു. താരത്തിന് അനുയോജ്യമായ പൊസിഷൻ നൽകുമെന്നും ഏറ്റവും മികച്ച പ്രകടനം തന്നെ താരത്തിൽ നിന്ന് പുറത്തെടുപ്പിക്കാൻ ശ്രമിക്കുമെന്നും കൂമാൻ അറിയിച്ചിരുന്നു. ഇത് തന്നെയാണ് ഗ്രീസ്‌മാനെ ബാഴ്സയിൽ പിടിച്ചു നിർത്തുന്ന കാര്യം. പ്രധാനപ്പെട്ട റോൾ തന്നെ താരത്തിന് കൂമാൻ ഉറപ്പ് നൽകിയിട്ടുണ്ട്. രണ്ടാമതായി മെസ്സിക്കൊപ്പം മികച്ച പ്രകടനം നടത്താൻ കഴിയുമെന്നുള്ള വിശ്വാസമാണ്. സുവാരസ് ബാഴ്സ വിടുന്നതിനാൽ മെസ്സിയും ഗ്രീസ്മാനും ആവും മുന്നേറ്റനിരയിലെ പ്രാധാനകണ്ണികൾ. ഇരുവരെയും ഒരുപോലെ ഉപയോഗിക്കാനുള്ള പദ്ധതികളാണ് കൂമാൻ ഇപ്പോൾ അന്വേഷിക്കുന്നത്. അതിനാൽ തന്നെ കൂമാന്റെ കീഴിൽ മെസ്സിക്കൊപ്പം ഒത്തിണക്കത്തോടെ കളിക്കാം എന്നാണ് ഗ്രീസ്‌മാൻ വിശ്വസിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *