എംബാപ്പെ കരാർ പുതുക്കില്ലെന്ന പ്രതീക്ഷയോടെ റയൽ മാഡ്രിഡ്‌

പിഎസ്ജിയുടെ സൂപ്പർ സ്ട്രൈക്കെർ കെയ്‌ലിൻ എംബാപ്പെയെ റയൽ മാഡ്രിഡ്‌ ടീമിൽ എത്തിക്കാൻ പദ്ധതിയിട്ടിരിക്കുന്നു എന്നത് പരസ്യമായ രഹസ്യമാണ്. ഭാവിയിൽ താരം റയൽ മാഡ്രിഡ്‌ ജേഴ്സിയിൽ കളിക്കുമെന്ന് റയൽ പ്രസിഡന്റ്‌ പെരെസ് ഒട്ടേറെ തവണ സൂചനകൾ തന്നിട്ടുണ്ട്. അതേസമയം തനിക്കും റയലിൽ കളിക്കാൻ ആഗ്രഹമുണ്ടെന്ന് എംബാപ്പെ മുൻപ് സൂചിപ്പിച്ചിട്ടുണ്ടായിരുന്നു. മുൻ റയൽ മാഡ്രിഡ്‌ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ, നിലവിലെ പരിശീലകൻ സിദാൻ എന്നിവരുടെ വലിയ ഫാനാണ് താനെന്ന് മുൻപ് എംബാപ്പെ തന്നെ പറഞ്ഞിട്ടുണ്ട്. എന്നാൽ ഈ വരുന്ന സമ്മർ ട്രാൻസ്ഫറിൽ തന്നെ താരത്തെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ്‌ ഉദ്ദേശിച്ചിട്ടില്ല. സിദാന്റെ പദ്ധതികൾ പ്രകാരം ഈ ട്രാൻസ്ഫറിൽ ആരെയും ക്ലബിൽ എത്തിക്കേണ്ട എന്നും നിലവിലെ സ്‌ക്വാഡ് തന്നെ മതിയെന്നുമാണ്. കൂടാതെ കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച സാമ്പത്തികഞെരുക്കവും റയലിനെ ഇത്തരത്തിൽ ഒരു തീരുമാനത്തിൽ കൊണ്ടെത്തിച്ചു.

എന്നാൽ കെയ്‌ലിൻ എംബാപ്പെയുടെ മനസ്സ് മാറില്ല എന്ന പ്രതീക്ഷയോടെയാണ് റയൽ നിലകൊള്ളുന്നതെന്നാണ് സ്പാനിഷ് മാധ്യമമായ മാർക്ക റിപ്പോർട്ട്‌ ചെയ്യുന്നത്. ഇരുപത്തിയൊന്നുകാരനായ താരം പിഎസ്ജിയുമായി പുതിയ കരാറിൽ ഒപ്പ് വെക്കില്ല എന്നാണ് റയൽ പ്രതീക്ഷിക്കപ്പെടുന്നത്. അങ്ങനെയാണെങ്കിൽ അടുത്ത വർഷത്തെ ട്രാൻസ്ഫറിലോ അതില്ലെങ്കിൽ 2022-ലോ എംബാപ്പെയെ റയലിൽ എത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് റയൽ മാഡ്രിഡ്‌. നിലവിൽ 2022 ജൂൺ 30 വരെയാണ് എംബാപ്പെയുടെ പിഎസ്ജി കരാറുള്ളത്. ഇത് താരം പുതുക്കിയാൽ റയലിന്റെ പ്രതീക്ഷകൾ അസ്തമിച്ചേക്കും. അതേസമയം എംബാപ്പെയുടെയും നെയ്മറിന്റെയും കരാർ പുതുക്കാൻ പിഎസ്ജി ശ്രമങ്ങൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്. ഇരുതാരങ്ങളേയും കൈവിടാൻ പിഎസ്ജിക്ക് താല്പര്യമില്ലെങ്കിലും ഇരുവർക്കും ക്ലബ് വിടാൻ ആഗ്രഹമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *