എംബപ്പേ റയലിലേക്ക് വരണം :അത്ലറ്റിക്കോ മാഡ്രിഡ് കോച്ച് സിമയോണി.
സൂപ്പർ താരം കിലിയൻ എംബപ്പേയുടെ ഭാവിയിലെ അനിശ്ചിതത്വം ഇതുവരെ മാറിയിട്ടില്ല. ഏതുവിധേനയും അദ്ദേഹത്തെ ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് പിഎസ്ജി ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ എംബപ്പേ ഇതുവരെ അതിന് സമ്മതം അറിയിച്ചിട്ടില്ല. സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് നീക്കങ്ങൾ ആരംഭിച്ചു എന്ന വാർത്തകൾ ഒക്കെ ഉണ്ടായിരുന്നുവെങ്കിലും ഇതുവരെ താരത്തിന് വേണ്ടി ഓഫറുകൾ ഒന്നും നൽകിയിട്ടില്ല എന്നുള്ളതാണ് യാഥാർത്ഥ്യം.
ഏതായാലും എംബപ്പേ റയൽ മാഡ്രിഡിലേക്ക് എത്താനുള്ള സാധ്യത വളരെയധികം കൂടുതലാണ്. ഇതേക്കുറിച്ച് അത്ലറ്റിക്കോ മാഡ്രിഡ് പരിശീലകനായ ഡിയഗോ സിമയോണിയോട് അഭിപ്രായം തേടിയിരുന്നു.എംബപ്പേ റയലിലേക്ക് വരുന്നതിനെ താൻ ഇഷ്ടപ്പെടുന്നു എന്നാണ് സിമയോണി പറഞ്ഞിട്ടുള്ളത്.എംബപ്പേ വന്നു എന്ന് കരുതി അത്ലറ്റിക്കോക്ക് ഭീഷണി ഉയരില്ലെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.സിമയോണിയുടെ വാക്കുകൾ ഇങ്ങനെയാണ്.
🗣️ Diego Simeone: “Real Madrid has no economic problems to sign Mbappé. If he doesn’t come this year, surely he will next year. I would love it, it would be extraordinary.” pic.twitter.com/LEVm4LBKYz
— Madrid Xtra (@MadridXtra) August 1, 2023
“തീർച്ചയായും എംബപ്പേ റയൽ മാഡ്രിഡിലേക്ക് വരുന്നതിനെ ഞാൻ ഇഷ്ടപ്പെടുന്നു.അത് ലാലിഗയെ സംബന്ധിച്ചിടത്തോളം അസാധാരണമായിരിക്കും. മികച്ച താരങ്ങൾ എത്തുന്നത് സ്പെയിനിന്റെ ശക്തി വർദ്ധിപ്പിക്കും. നിലവിൽ എംബപ്പേയെ സ്വന്തമാക്കാൻ റയൽ മാഡ്രിഡിന് സാമ്പത്തികപരമായി യാതൊരുവിധ തടസ്സങ്ങളും ഇല്ല. തീർച്ചയായും ഞങ്ങൾ അദ്ദേഹത്തിനെതിരെ പോരാടേണ്ടി വരും.അദ്ദേഹത്തെ എങ്ങനെ ഉപയോഗപ്പെടുത്തുമെന്നതിൽ മാത്രമാണ് കാര്യം. അദ്ദേഹം ഉണ്ട് എന്ന് കരുതി ഭീഷണിയാവില്ല. മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഒക്കെ ഉള്ള സമയത്ത് ഞങ്ങൾ ഇവിടെ ലാലിഗ കിരീടം നേടിയിട്ടുണ്ട്. പേരുകളിൽ വലിയ കാര്യമില്ല,ഇത് ഫുട്ബോളാണ് ” ഇതാണ് സിമയോണി പറഞ്ഞിട്ടുള്ളത്.
അത്ലറ്റിക്കോ മാഡ്രിഡിന് ലാലിഗ കിരീടങ്ങൾ നേടിക്കൊടുക്കാൻ സിമയോണിക്ക് സാധിച്ചിട്ടുണ്ട്. അടുത്ത സീസണിന് വേണ്ടിയുള്ള ഒരുക്കത്തിലാണ് നിലവിൽ അത്ലറ്റിക്കോ മാഡ്രിഡ് ഉള്ളത്.പ്രീ സീസൺ സൗഹൃദ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്താൻ അവർക്ക് സാധിച്ചിരുന്നു.