എംബപ്പേ റയലിലേക്ക് തന്നെ? മാഡ്രിഡിൽ വെച്ചുള്ള ചർച്ച ഉടൻ!
ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബപ്പേയുടെ പിഎസ്ജിയുമായുള്ള കരാർ അടുത്ത മാസമാണ് അവസാനിക്കുക.ഈ കരാർ പുതുക്കാൻ എംബപ്പേ തയ്യാറായിട്ടില്ല. മാത്രമല്ല തന്റെ ഭാവിയെക്കുറിച്ച് യാതൊരുവിധ തീരുമാനങ്ങളും ഇതുവരെ താരം കൈകൊണ്ടിട്ടില്ല. അതുകൊണ്ടുതന്നെ എംബപ്പേയെ ചുറ്റിപ്പറ്റി നിരവധി അഭ്യൂഹങ്ങൾ പ്രചരിക്കുന്ന ഒരു സമയമാണിത്.
അതിൽ പെട്ട ഒരു റൂമറായിരുന്നു കിലിയൻ എംബപ്പേ പിഎസ്ജിയുമായി പുതിയ കരാറിൽ ഒപ്പ് വെക്കാൻ തീരുമാനിച്ചു എന്നുള്ളത്.എന്നാൽ എംബപ്പേയുടെ മാതാവായ ഫയ്സ ലമാരി ഇതിനെ തള്ളിക്കളയുകയായിരുന്നു.തികച്ചും തെറ്റായ വാർത്ത എന്നാണ് എംബപ്പേയുടെ പ്രധാന പ്രതിനിധി കൂടിയായ മാതാവ് പറഞ്ഞത്.
Kylian Mbappé's representatives and Real Madrid to hold meeting in Spanish capital next week. (RMC)https://t.co/aOwAplbgQJ
— Get French Football News (@GFFN) May 6, 2022
ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ടു കൊണ്ട് പ്രമുഖ ഫ്രഞ്ച് മാധ്യമമായ RMC സ്പോർട് ഒരു റിപ്പോർട്ട് പുറത്തുവിട്ടിട്ടുണ്ട്.അതായത് കിലിയൻ എംബപ്പേയുടെ പ്രതിനിധി സംഘവും റയൽ മാഡ്രിഡ് അധികൃതരും തമ്മിൽ ഒരു ചർച്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്. വരുന്ന ആഴ്ച്ച സ്പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡിൽ വെച്ചാണ് ഈ കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിട്ടുള്ളത്. ഈ ചർച്ചയിൽ തീരുമാനത്തിലെത്താൻ കഴിയുമെന്നുള്ള പ്രതീക്ഷയാണ് റയൽ മാഡ്രിഡ് ഇപ്പോൾ വെച്ചുപുലർത്തുന്നത്.
അതേസമയം താരത്തെ നിലനിർത്താനുള്ള ശ്രമങ്ങൾ പിഎസ്ജി ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നുണ്ട്. എന്നാൽ ഈ സീസണിലെ പിഎസ്ജിയുടെ മോശം പ്രകടനത്തിൽ എംബപ്പേ അതൃപ്തനാണ് എന്നാണ് അറിയാൻ കഴിയുന്നത്. ഈ ലീഗ് വണ്ണിൽ 24 ഗോളുകളും 15 അസിസ്റ്റുകളും നേടിയ കിലിയൻ എംബപ്പേ തന്നെയായിരുന്നു പിഎസ്ജിയെ കിരീടത്തിലേക്ക് നയിച്ചത്.