എംബപ്പേ പിഎസ്ജി വിടില്ല, ഉറപ്പിച്ച് പറഞ്ഞ് ഫ്രഞ്ച് മാധ്യമം!
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത വിഷയങ്ങളിൽ ഒന്നാണ് സൂപ്പർ താരം കിലിയൻ എംബപ്പേയുടെ ഭാവി. താരം പിഎസ്ജിയിൽ തുടരുമോ അതോ ക്ലബ് വിട്ടു കൊണ്ട് റയലിലേക്ക് ചേക്കേറുമോ എന്നുള്ളതാണ് പ്രധാനപ്പെട്ട ചോദ്യം. പിഎസ്ജിക്ക് ഏറ്റവും കൂടുതൽ തലവേദന സൃഷ്ടിക്കുന്നത് എംബപ്പേ കരാർ പുതുക്കാത്തതാണ്. അടുത്ത വർഷം കരാർ അവസാനിച്ചു കൊണ്ട് ഫ്രീ ഏജന്റാവുന്ന താരം കരാർ പുതുക്കാന്നിരുന്നാൽ അത് പിഎസ്ജിക്ക് തിരിച്ചടിയേൽപ്പിക്കുന്ന കാര്യമാണ്. എന്തെന്നാൽ അടുത്ത ട്രാൻസ്ഫർ ജാലകത്തിൽ എംബപ്പേ ഫ്രീ ആയി കൊണ്ട് ക്ലബ് വിട്ടാൽ സാമ്പത്തികപരമായി അത് പിഎസ്ജി വൻ നഷ്ടമായിരിക്കും വരുത്തിവെക്കുക. അത്കൊണ്ട് തന്നെ എംബപ്പേ കരാർ പുതുക്കുന്നില്ല എങ്കിൽ അദ്ദേഹത്തെ കൈവിടുന്നത് തന്നെയായിരിക്കും പിഎസ്ജി പരിഗണിക്കുക.
Is that the end of this summer's transfer saga? ⛔https://t.co/cxzddrVr2N
— MARCA in English (@MARCAinENGLISH) August 2, 2021
എംബപ്പേ റയലിലേക്ക് എത്തുമെന്നുള്ള റൂമറുകൾ ഏറ്റവും കൂടുതൽ പുറത്ത് വിടുന്നത് സ്പാനിഷ് മാധ്യമങ്ങളാണ്. എന്നാൽ ഈ സ്പാനിഷ് മാധ്യമങ്ങൾക്കെല്ലാം മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ഫ്രഞ്ച് മാധ്യമമായ ലെ പാരീസിയൻ. എംബപ്പേ ഈ വർഷം പിഎസ്ജിയിൽ തന്നെ തുടരുമെന്ന് ഉറപ്പിച്ച് പറഞ്ഞിരിക്കുകയാണ് ഇവർ. ഇവരുടെ കുറിപ്പ് ഇങ്ങനെയാണ്.
” എംബപ്പേയുടെ കാര്യം ഇതുവരെ മനസ്സിലാകാത്തവരോടാണ്, കൂടാതെ ഇതുവരെ മനസ്സിലായിട്ടില്ല എന്ന് ഭാവിക്കുന്ന സ്പെയിനിൽ ഉള്ളവരോടുമാണ് ഈ പറയുന്നത്,ഈ വർഷം എംബപ്പേ പിഎസ്ജിയിൽ തന്നെ തുടരും ” ഇതാണ് ലെ പാരീസിയൻ കുറിച്ചിട്ടുള്ളത്.
അതേസമയം ഇപ്പോഴും റൂമറുകൾ തകൃതിയായി നടന്നു കൊണ്ടിരിക്കുന്നുണ്ട്. അതേസമയം ഇതൊന്നും എംബപ്പേയെ ബാധിച്ചിട്ടില്ല. സന്തോഷത്തോടെയിരിക്കുന്ന താരത്തെയാണ് ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ എംബപ്പേയെ കാണാൻ സാധിക്കുക.മാത്രമല്ല താരം പിഎസ്ജിക്കൊപ്പം പരിശീലനവും നടത്തുന്നുണ്ട്.