എംബപ്പേയെ രണ്ടാമതാക്കി,ഏറ്റവും മികച്ച വിങ്ങർ വിനീഷ്യസ്!
കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനമായിരുന്നു ബ്രസീലിയൻ സൂപ്പർതാരമായ വിനീഷ്യസ് ജൂനിയർ നടത്തിയിരുന്നത്. റയൽ മാഡ്രിഡിന് ചാമ്പ്യൻസ് ലീഗും ലാലിഗയും ലഭിക്കുന്നതിൽ വലിയ പങ്കുവഹിക്കാൻ വിനീഷ്യസ് ജൂനിയർക്ക് സാധിച്ചിരുന്നു.ബിഗ് മാച്ചുകളിൽ തിളങ്ങാൻ സാധിച്ചു എന്നുള്ളതാണ് വിനീഷ്യസിന്റെ ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ടുതന്നെയാണ് താരത്തിന് ഇപ്പോൾ ബാലൺഡി’ഓർ സാധ്യതകൾ കൽപ്പിക്കപ്പെടുന്നത്.
പ്രമുഖ ഫുട്ബോൾ മാധ്യമമായ സ്കോർ 90 കഴിഞ്ഞ സീസണിലെ ഓരോ പൊസിഷനിലെയും ഏറ്റവും മികച്ച താരങ്ങളെ തിരഞ്ഞെടുത്തിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ലെഫ്റ്റ് വിങ്ങിലെ ഏറ്റവും മികച്ച താരമായി കൊണ്ട് അവർ തിരഞ്ഞെടുത്തത് മറ്റൊരെയുമല്ല,വിനീഷ്യസ് ജൂനിയറെ തന്നെയാണ്. 5 താരങ്ങളുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത് വിനീഷ്യസ് ജൂനിയറാണ്.
കിലിയൻ എംബപ്പേയെ പോലും മറികടക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.എംബപ്പേയുടെ കഴിഞ്ഞ സീസണിലെ കണക്കുകൾ മികച്ചതാണ്.പക്ഷേ വിനിയോളം ഇമ്പാക്ട് ഉണ്ടാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. മൂന്നാം സ്ഥാനത്ത് വരുന്നത് അത്ലറ്റിക്കോ ബിൽബാവോയുടെ സ്പാനിഷ് സൂപ്പർ താരമായ നിക്കോ വില്യംസാണ്. ഗംഭീര പ്രകടനമായിരുന്നു അദ്ദേഹം യൂറോ കപ്പിൽ നടത്തിയിരുന്നത്.അദ്ദേഹത്തെ സ്വന്തമാക്കാൻ വേണ്ടിയാണ് ഇപ്പോൾ ബാഴ്സലോണ ശ്രമങ്ങൾ നടത്തുന്നത്.
നാലാം സ്ഥാനത്ത് നാപ്പോളിയുടെ കിച്ച ക്വാരഷ്ക്കേലിയ വരുന്നു.ജോർജിയക്ക് വേണ്ടിയും അദ്ദേഹം മിന്നുന്ന പ്രകടനം നടത്തിയിട്ടുണ്ട്. അഞ്ചാം സ്ഥാനത്ത് വരുന്നത് ഹ്യുങ് മിൻ സൺ ആണ്.ടോട്ടൻഹാമിന്റെ ക്യാപ്റ്റനായ താരം പതിവുപോലെ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. ഇതാണ് സ്കോർ 90 പുറത്ത് വിട്ട ഏറ്റവും മികച്ച ലെഫ്റ്റ് വിങ്ങർമാരുടെ പട്ടിക. കഴിഞ്ഞ സീസണിൽ വിനീഷ്യസ് ജൂനിയർ തന്നെയാണ് അസാധാരണമായ പ്രകടനം നടത്തിയതെന്ന് ഈ റാങ്കിംഗ് തെളിയിക്കുന്നു.