എംബപ്പേയുടെ പുതിയ കരാർ തടയാൻ ലാലിഗ,മെസ്സിയുടെ സൈനിങ്ങും പരിശോധിക്കും!
പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേയുടെ കരാർ പുതുക്കാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് ഇപ്പോഴും വിരാമമായിട്ടില്ല. നിയമങ്ങളെല്ലാം കാറ്റിൽപറത്തി കൊണ്ടാണ് പിഎസ്ജി ഈ കരാർ പുതുക്കിയത് എന്നുള്ള ആരോപണം ഫുട്ബോൾ ലോകത്ത് വളരെയധികം ശക്തമാണ്.
ഇപ്പോഴിതാ ലാലിഗ പിഎസ്ജിക്കെതിരെ ഒരു കേസ് ഫയൽ ചെയ്യാനുള്ള ഒരുക്കത്തിലാണ്. പ്രമുഖ അഭിഭാഷകനായ യുവാൻ ഫ്രാങ്കോ മുഖേനയാണ് ലാലിഗ ഫ്രഞ്ച് കോടതിയിൽ കേസ് ഫയൽ ചെയ്യുക. അവിടെ നിന്നും അനുകൂല വിധി ലഭിച്ചില്ലെങ്കിൽ യൂറോപ്യൻ യൂണിയനിന്റെ കീഴിൽ സ്ഥിതി ചെയ്യുന്ന കോടതിയെ ലാലിഗ സമീപിക്കും.
— Murshid Ramankulam (@Mohamme71783726) June 18, 2022
എംബപ്പേയുടെ ഈ മൂന്ന് വർഷത്തേക്കുള്ള കരാറിന് ഏകദേശം 500 മില്യൺ യുറോയോളമാണ് പിഎസ്ജിക്ക് ചിലവ് എന്നാണ് ഇവർ ആരോപിക്കുന്നത്.224 മില്യൺ യുറോയോളം നഷ്ടത്തിലുള്ള പിഎസ്ജി ഇത്തരത്തിലുള്ള ഒരു ഡീൽ നടത്തിയത് FFP നിയമങ്ങൾ ലംഘിച്ചു കൊണ്ടാണ് എന്നാണ് ലാലിഗയുടെ അഭിഭാഷകൻ ആരോപിച്ചിരിക്കുന്നത്.പിഎസ്ജി ഈ വിഷയത്തിൽ കുറ്റക്കാരാണ് എന്ന് തെളിഞ്ഞാൽ എംബപ്പേയുടെ കരാർ പുതുക്കിയത് തടയാൻ കഴിയും എന്നുള്ളതാണ്.
കൂടാതെ ഫ്രാൻസിന്റെ കായിക മന്ത്രാലയത്തിനും ഇവർ ഒരു അപേക്ഷ നൽകിയേക്കും. അതായത് അവസാനമായി പിഎസ്ജി ഇവരുടെ പരിശോധനകൾക്ക് വിധേയമായത് 2021 ജൂൺ 25-ആം തിയ്യതിയാണ്. ഇതിന് ശേഷം നടന്ന ഡീലുകൾ എല്ലാം തന്നെ പരിശോധിക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെടും. സൂപ്പർ താരം ലയണൽ മെസ്സിയുടെ ഡീലും ഇതിൽ ഉൾപ്പെടുമെന്നുള്ളതാണ്. ചുരുക്കത്തിൽ കോടതി കേസ് സ്വീകരിച്ചാൽ കൃത്യമായ കണക്കുകൾ നൽകാൻ പിഎസ്ജി ബാധ്യസ്ഥരായേക്കും.