എംബപ്പേയുടെ ജോലി കൂടി ബെല്ലിങ്ങ്ഹാമിന് ചെയ്യേണ്ടിവരുന്നു: വിമർശനങ്ങളുമായി തിയറി ഹെൻറി!
നിലവിൽ റയൽ മാഡ്രിഡ് ഒരല്പം ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്.അവസാനമായി കളിച്ച രണ്ട് മത്സരങ്ങളിലും അവർ തോൽക്കുകയാണ് ചെയ്തിട്ടുള്ളത്.സാന്റിയാഗോ ബെർണാബുവിലാണ് രണ്ടു വലിയ തോൽവികൾ അവർക്ക് ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളത്. നിരവധി സൂപ്പർ താരങ്ങൾ ഉണ്ടായിട്ടും റയലിന് ഇതുവരെ ഈ സീസണിൽ അതിനോട് നീതിപുലർത്താൻ കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം.
കിലിയൻ എംബപ്പേ മോശം പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.ഡിഫൻസീവ്ലി അദ്ദേഹം ടീമിനെ സഹായിക്കുന്നില്ല എന്ന ആരോപണങ്ങൾ വളരെ ശക്തമാണ്. ഫ്രഞ്ച് ഇതിഹാസമായ തിയറി ഹെൻറിയും എംബപ്പേയെ വിമർശിച്ചിട്ടുണ്ട്.എംബപ്പേ കൂടുതൽ ഓടാത്തത് കൊണ്ട് തന്നെ ബെല്ലിങ്ങ്ഹാമിന് അദ്ദേഹത്തിന്റെ ജോലി കൂടി ചെയ്യേണ്ടി വരുന്നു എന്നാണ് ഹെൻറി പറഞ്ഞിട്ടുള്ളത്.ഹെൻറിയുടെ വാക്കുകൾ ഇങ്ങനെയാണ്.
“എംബപ്പേയുടെ കാര്യത്തിൽ മാഡ്രിഡ് വളരെയധികം അസ്വസ്ഥരാണ്. നമ്മൾ എംബപ്പേക്ക് കൂടുതൽ സമയം അനുവദിച്ചു നൽകേണ്ടതുണ്ട്. അതേസമയം അദ്ദേഹം നമ്പർ നയൻ പൊസിഷനിൽ കളിക്കാൻ പഠിക്കേണ്ടതുമുണ്ട്.എംബപ്പേ ചെയ്യേണ്ട ജോലിയാണ് ഇപ്പോൾ ബെല്ലിങ്ങ്ഹാം ചെയ്യാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എപ്പോഴും ഓടാനും ലൈനുകൾ ബ്രേക്ക് ചെയ്യാനും ശ്രമിക്കുന്നത് ബെല്ലിങ്ങ്ഹാമാണ്.എംബപ്പേ തീരെ ഓടുന്നില്ല. അതുകൊണ്ടാണ് ബെല്ലിങ്ങ്ഹാമിന് ഇതൊക്കെ ചെയ്യേണ്ടി വരുന്നത്. അതുകൊണ്ടുതന്നെ എംബപ്പേയുടെ കാര്യത്തിൽ ബെല്ലിങ്ങ്ഹാം അസ്വസ്ഥനാകുന്നത് സ്വാഭാവികമായ കാര്യമാണ് ” ഇതാണ് ഹെൻറി പറഞ്ഞിട്ടുള്ളത്.
ഈ സീസണിൽ 15 മത്സരങ്ങൾ കളിച്ച എംബപ്പേ 8 ഗോളുകളാണ് നേടിയിട്ടുള്ളത്. അതിൽ മൂന്ന് ഗോളുകളും പെനാൽറ്റി ഗോളുകളായിരുന്നു. എട്ടുമത്സരങ്ങളിൽ ഗോളുകൾ ഒന്നും നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. സ്ട്രൈക്കർ പൊസിഷനിൽ അദ്ദേഹത്തിന് ഗോളുകൾ നേടാൻ അവസരങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും അതെല്ലാം താരം പാഴാക്കുകയാണ് ചെയ്യുന്നത്.