ഊഹാപോഹങ്ങൾക്ക് വിരാമം, മെസ്സി ബാഴ്സ വിടില്ലെന്ന് പ്രസിഡന്റ്‌

ഈയിടെ ഫുട്ബോൾ ലോകത്ത് ഏറെ ചർച്ചകൾക്ക് വഴിവെച്ച വാർത്തയായിരുന്നു സൂപ്പർ താരം ലയണൽ മെസ്സി അടുത്ത സീസണോടെ ബാഴ്‌സ വിട്ട് മറ്റേതെങ്കിലും ക്ലബ്ബിലേക്ക് കൂടുമാറുമെന്ന്. സ്പാനിഷ് മാധ്യമമായ cadena ser ന്റെ റിപ്പോർട്ട്‌ അടിസ്ഥാനമാക്കിയായിരുന്നു ഈ വാർത്തകൾ എല്ലാം തന്നെ പ്രചരിച്ചത്. മെസ്സി ബാഴ്സയിൽ അതൃപ്തനാണെന്നും അത്കൊണ്ടാണ് താരം കരാർ പുതുക്കാത്തതെന്നും അടുത്ത സീസണിൽ കരാർ അവസാനിക്കുന്നതോടെ മെസ്സി ക്ലബ് വിടുമെന്നുമായിരുന്നു ആ റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. എന്നാലിപ്പോഴിതാ ആ വാർത്തകൾക്ക് വ്യക്തമായ മറുപടി നൽകിയിരിക്കുകയാണ് ബാഴ്സ പ്രസിഡന്റ്‌ ആയ മരിയ ബർതോമ്യൂ. മെസ്സി ക്ലബ്‌ വിടില്ലെന്നും മെസ്സി തന്റെ കരിയർ ബാഴ്സയിൽ തന്നെ അവസാനിപ്പിക്കുമെന്നാണ് ബർതോമ്യൂവിന്റെ പ്രസ്താവന. ബർതോമ്യൂവിന്റെ ഈ പ്രസ്താവന ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോമാണ് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

” ഞാൻ നിങ്ങൾക്ക് കൂടുതൽ വിശദീകരണമൊന്നും നൽകാൻ നിൽക്കുന്നില്ല. പക്ഷെ മെസ്സി തന്നെ എത്രയോ തവണ ആവർത്തിച്ച് പറഞ്ഞതാണ് അദ്ദേഹത്തിന്റെ കരിയർ ബാഴ്സയിൽ തന്നെ അവസാനിപ്പിക്കുമെന്ന്. എല്ലാ താരങ്ങളെ കുറിച്ചും ഒരുപാട് ഊഹാപോഹങ്ങൾ ചുറ്റും പ്രചരിക്കുന്നുണ്ടാവും. പക്ഷെ ഞങ്ങൾ എപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മത്സരങ്ങളിൽ മാത്രമാണ്. തീർച്ചയായും മെസ്സിക്ക് ഇവിടെ തന്നെ തുടരുകയും വേണം ഇവിടെ തന്നെ അദ്ദേഹത്തിന്റെ കരിയറിന് വിരാമമിടുകയും വേണം. തീർച്ചയായും അദ്ദേഹത്തിന് ഒരുപാട് വർഷങ്ങൾ അവശേഷിക്കുന്നുണ്ട്. അദ്ദേഹത്തോടൊപ്പം ഈ വർഷങ്ങൾ എല്ലാം തന്നെ ആസ്വദിക്കാനാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത് ” ബർതോമ്യൂ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *