ഈ താരങ്ങൾ വിൽപ്പനക്കുള്ളതല്ല, ലിസ്റ്റ് പുറത്ത് വിട്ട് ബർതോമ്യു !

കഴിഞ്ഞു രണ്ട് മൂന്ന് ദിവസങ്ങളായിട്ട് ഫുട്ബോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത് എഫ്സി ബാഴ്സലോണയുടെ പുനർനിർമാണവും അതിനോട് അനുബന്ധിച്ചുള്ള കാര്യങ്ങളുമാണ്. ബാഴ്സയുടെ പരിശീലകൻ കീക്കെ സെറ്റിയനെയും മാനേജിങ് ഡയറക്ടർ എറിക് അബിദാലിനെയും ബാഴ്സ പറഞ്ഞു വിട്ടിരുന്നു. ഇനി നിലനിൽക്കുന്ന സംശയങ്ങൾ ബാഴ്സയിൽ ആരൊക്കെ തുടരും? ആരൊക്കെ പോവും? ആരൊക്കെ വരും എന്ന കാര്യങ്ങളിലാണ്. എന്നാലിപ്പോഴിതാ ഈ സീസണിൽ തങ്ങൾ ഒരിക്കലും പറഞ്ഞു വിടാൻ ഉദ്ദേശിക്കാത്ത താരങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ടിരിക്കുകയാണ് പ്രസിഡന്റ്‌ ബർതോമ്യു. ഇന്നലെ ബാഴ്‌സ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ബർതോമ്യു ഇത്തവണ നിലനിർത്താൻ ഉദ്ദേശിക്കുന്ന താരങ്ങളുടെ പേരുകൾ വെളിപ്പെടുത്തിയത്. കേവലം ആറു താരങ്ങളെ മാത്രമാണ് നിലവിൽ ബാഴ്‌സക്ക് അടുത്ത സീസണിലേക്ക് ആവിശ്യമായി വരുന്നുള്ളൂ എന്നാണ് ബർതോമ്യു അറിയിച്ചത്.

സൂപ്പർ താരം ലയണൽ മെസ്സി, ഗോൾ കീപ്പർ ടെർ സ്റ്റീഗൻ, ഡിഫൻഡർ ലെങ്ലെറ്റ്, മധ്യനിര ഡിജോങ്, നെൽസൺ സെമെടോ, സ്ട്രൈക്കെർ അന്റോയിൻ ഗ്രീസ്‌മാൻ എന്നിവർ മാത്രമാണ് തങ്ങളുടെ ഭാവി ബാഴ്സയിൽ സുരക്ഷിതമാക്കിയത്. ബാക്കിയുള്ള എല്ലാ താരങ്ങളെയും അനുയോജ്യമായ ഓഫറുകൾ വന്നാൽ പറഞ്ഞു വിടും എന്നാണ് ഇതിലൂടെ ബർതോമ്യു വ്യക്തമാക്കിയത്. സൂപ്പർ താരങ്ങളായ ജോർഡി ആൽബ, ലൂയിസ് സുവാരസ്, ബുസ്ക്കെറ്റ്സ് എന്നിവർക്കെല്ലാം തന്നെ ഇതോടെ പുറത്തേക്കുള്ള വഴി തെളിഞ്ഞിരിക്കുകയാണ്. ബാഴ്സയുടെ പരിശീലകനായി വരുന്ന റൊണാൾഡ് കൂമാനും ഈ താരങ്ങളെ ആവിശ്യമില്ല. നിലനിർത്തേണ്ട ആറു താരങ്ങളെ ബർതോമ്യു പരസ്യമായി പുറത്തു വിട്ടതോടെ മറ്റുള്ള താരങ്ങളുടെ ഭാവി അവതാളത്തിലായിരിക്കുയാണ്. ഏതായാലും കൂമാൻ സ്ഥാനം ഏറ്റെടുത്തതിന് ശേഷം ആരൊക്കെ പോവും എന്ന് സ്ഥിരീകരിക്കപ്പെടും. അതേസമയം സെപ്റ്റംബർ 12 നാണ് അടുത്ത സീസൺ ലാലിഗ ആരംഭിക്കുന്നത്. അതിന് മുൻപ് ട്രാൻസ്ഫറുകൾ എല്ലാം തന്നെ നടക്കില്ല എന്നുറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *