ഈ ഗ്രീസ്മാനെയാണ് ഞങ്ങൾക്ക്‌ വേണ്ടത്, താരത്തെ പുകഴ്ത്തി കൂമാൻ !

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ എഫ്സി ബാഴ്സലോണ എതിരില്ലാത്ത നാലു ഗോളുകൾക്ക്‌ ഒസാസുനയെ തകർത്തിരുന്നു. മത്സരത്തിൽ ബാഴ്‌സയുടെ രണ്ടാം ഗോൾ നേടുകയും മൂന്നാം ഗോളിന് വഴിയൊരുക്കുകയും ചെയ്തത് അന്റോയിൻ ഗ്രീസ്‌മാൻ ആയിരുന്നു. മത്സരത്തിൽ ഉജ്ജ്വലപ്രകടനം പുറത്തെടുത്ത ഗ്രീസ്‌മാൻ നാല്പത്തിരണ്ടാം മിനുട്ടിലാണ് വലകുലുക്കിയത്. അതും ഉഗ്രൻ ഷോട്ടിലൂടെയാണ് വലകുലുക്കിയത്. കൂട്ടീഞ്ഞോ നേടിയ ഗോളിന് അസിസ്റ്റ് നൽകിയതും ഗ്രീസ്മാനായിരുന്നു. മത്സരത്തിൽ കൂടുതൽ ആത്മവിശ്വാസമുള്ളവനായി കാണപ്പെട്ട ഗ്രീസ്‌മാൻ മത്സരശേഷവും വളരെയധികം സന്തോഷവാനായിരുന്നു. സൂപ്പർ താരത്തിന്റെ മികച്ച പ്രകടനത്തെ പുകഴ്ത്താൻ പരിശീലകൻ കൂമാൻ മറന്നില്ല. ഈ ഗ്രീസ്‌മാനെയാണ് തങ്ങൾക്കാവിശ്യം എന്നാണ് കൂമാൻ പറഞ്ഞത്.

” അന്റോയിൻ ഗ്രീസ്‌മാൻ ഇന്ന് നല്ല രീതിയിലാണ് കളിച്ചത്. അദ്ദേഹത്തിന്റെ പൊസിഷനിൽ ഒരുപാട് സ്വാതന്ത്ര്യത്തോടെ അദ്ദേഹത്തിനിന്ന് കളിക്കാനായി. ഒരു അസിസ്റ്റ് നൽകുകയും ഒരു ഉജ്ജ്വലഗോൾ നേടുകയും ചെയ്തു. ഈ ഗ്രീസ്‌മാനെയാണ് ഞങ്ങൾക്ക്‌ ആവിശ്യമുണ്ടായിരുന്നത്. അദ്ദേഹം മാറി എന്നൊന്നും ഞാൻ കരുതുന്നില്ല. അദ്ദേഹം എപ്പോഴും ഈയൊരു അവസരത്തിന് വേണ്ടിയായിരുന്നു കഠിനാദ്ധ്യാനം ചെയ്തിരുന്നത്. ഒടുവിൽ അദ്ദേഹം നല്ലൊരു ഗോൾ കണ്ടെത്തുകയും കളത്തിൽ ആത്മവിശ്വാസമുള്ളവനായി കാണപ്പെടുകയും ചെയ്തു. ഇതൊരു പോസിറ്റീവ് ആയ കാര്യമാണ് ” കൂമാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *